ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടു; സജിതയെ വെട്ടിക്കൊന്ന കേസില്‍ വിധി ഇന്ന്

ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും റിപ്പോര്‍ട്ടറിനോട്

പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരയുടെ വിധി ഇന്ന്. ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ കേസിലെ സാക്ഷി നാടുവിട്ടു.

ചെന്താമരയെ ഭയന്നാണ് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു. ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ചെന്താമരയെ തൂക്കിലേറ്റണം. ചെന്താമര അച്ഛനേയും അമ്മയേയും മുത്തശ്ശിയേയും കൊന്നു. ചെന്താമര ജീവിച്ചിരിക്കുന്നത് തന്നെ ഭയമാണ്. ഞങ്ങളെയും ആക്രമിക്കുമോ എന്ന ഭയത്തില്‍ ഉറങ്ങാന്‍ പോലും കഴിയാറില്ല. പോത്തുണ്ടിയില്‍ ബോയന്‍ നഗറിലെ പലരും ചെന്താമരയെ ഭയന്ന് താമസം മാറി. സ്വസ്ഥമായി ഭയമില്ലാതെ ജീവിക്കാന്‍ ചെന്താമരയെ വധശിക്ഷയ്ക്ക് വിധിക്കണം', മക്കള്‍ പ്രതികരിച്ചു. ചെന്താമരയ്ക്ക് കടുത്ത ശിക്ഷ നല്‍ക്കണമെന്ന് സജിതയുടെ അമ്മയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇനി ഒരു കുടുംബത്തിനും ഇത് സംഭവിക്കരുതെന്നും അമ്മ പറഞ്ഞു. മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ നല്‍കിയില്ലെന്നും സജിതയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തുന്നത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു ഈ വര്‍ഷം ജനുവരി 27ന് സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്.

Content Highlights: Nenmara Sajitha case judgement held today

To advertise here,contact us