രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ കൊമ്പന്‍ ഗോകുല്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം; അന്വേഷണം തുടങ്ങി വനം വകുപ്പ്

ഒന്നാം പാപ്പാന്‍ അവധി ആയ ദിവസം ആനയെ നിയന്ത്രിക്കാന്‍ വേണ്ടി രണ്ടാം പാപ്പാന്‍ മര്‍ദ്ദിച്ചിരുന്നു

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞതില്‍ അന്വേഷണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞത് മര്‍ദ്ദനത്തിന് പിന്നാലെയാണെന്നാണ് കണ്ടെത്തല്‍. രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ ഗോകുല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആനയെ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് തീരുമാനം. കോടനാട് വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഒന്നാം പാപ്പാന്‍ അവധി ആയ ദിവസം ആനയെ നിയന്ത്രിക്കാന്‍ വേണ്ടി രണ്ടാം പാപ്പാന്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഗോകുല്‍ ചരിഞ്ഞത്. 35 വയസ്സായിരുന്നു പ്രായം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയില്‍ വച്ച് നടന്ന ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഴത്തിലുള്ള പരിക്കായതിനാല്‍ ഏറെ നാളത്തെ ചികിത്സയും നല്‍കി. പിന്നീട് ക്ഷീണിതനായ ഗോകുല്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.

Content Highlights: Forest Department start investigation on death of Guruvayoor Gokul elephant

To advertise here,contact us