കൊച്ചി: ലാവലിൻ കേസിൽ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന ദിലീപ് രാഹുലന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് മൂന്ന് തവണ. 2023-ൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് നോട്ടീസയച്ച സമയത്തായിരുന്നു ഇത്. ഹാജരാകാത്തതിനാൽ ദിലീപിനെതിരെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനായി ഇഡി ഇൻ്റർപോളിനേയും സമീപിച്ചു. പിന്നീട് കേസിൽ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. ലാവലിൻ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് ദിലീപ് രാഹുലൻ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ക്രൈം നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2020ലായിരുന്നു ഇ ഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് 2023ലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് സമൻസ് നൽകിയത്. മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ചത് ലൈഫ് മിഷൻ കേസിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
ലാവ്ലിൻ കേസിൽ സിബിഐ അന്വേഷണം നടന്ന 2006ലായിരുന്നു ക്രൈം നന്ദകുമാർ ഇ ഡിക്ക് പരാതി നൽകിയത്. വിദേശത്ത് വലിയ രീതിയിൽ കള്ളപ്പണ ഇടപാട് നടന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
എന്നാൽ ആ ഘട്ടത്തിൽ ഇ ഡി ക്രൈം നന്ദകുമാറിന്റെ പരാതിയിൽ ഇടപെട്ടില്ല. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇ ഡി വിഷയത്തിൽ ഇടപെടുകയും 2020ൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ക്രൈ നന്ദകുമാറിന്റെ മൊഴിയെടുത്തു. 2022 ൽ എസ്എൻസി ലാവലിൻ കമ്പനിയുടെ ഫിനാൻസ് അടക്കമുള്ള മേഖലകളിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇ ഡി നോട്ടീസ് നൽകി. എന്നാൽ ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല.
ഇതിന് ശേഷം കേസിൽ വലിയ ചലനങ്ങൾ ഉണ്ടായില്ല. 2023 ൽ ഇ ഡി വീണ്ടും അന്വേഷണം കടുപ്പിച്ചു. ലാവലിൻ കമ്പനിയുടെ പശ്ചിമേഷ്യയുടെ ചുമതലയുണ്ടായിരുന്ന മലയാളികൂടിയായ ദിലീപ് രാഹുലനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിന് പണം നൽകിയെന്ന ചില മൊഴികൾ ഇ ഡിക്ക് ലഭിച്ചത്. ഇതോടെയാണ് വിവേകിന് ഇ ഡി സമൻസ് നൽകിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അൻപതാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് അയച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിലായിരുന്നു ഇത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹാജരാകാൻ ആവശ്യപ്പെട്ട് മകന് എൻഫോഴ്സ്മെന്റ് സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. മകന് ഇ ഡി സമൻസ് കിട്ടിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അധികാരത്തിന്റെ ഇടനാഴിയിൽ തന്റെ മകനെ നിങ്ങൾക്ക് കാണാനാകില്ലെന്നും മക്കളിൽ അഭിമാനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Content Highlights: Enforcement Directorate summons Dileep Rahul three times in lavalin case