അർജന്റീന-ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17 ന്; ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം

'നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ'

കൊച്ചി: ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.

എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കും. എ ആർ റഹ്മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും. ഏറ്റവും വലിയ ഡ്രോൺ ഷോയും സംഘടിപ്പിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.

ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ. ഈ മാസം പതിനെട്ടിനോ പത്തൊൻപതിനോ ടിക്കറ്റ് വിൽപന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. വ്യാജടിക്കറ്റുകളുടെ വിൽപനാ ശ്രമവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വ്യാജമാണ്. ടിക്കറ്റ് വിൽപ്പനയുൾപ്പെടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ടർ ടി വി ഔദ്യോഗികമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.

ലോക ജേതാക്കളുടെ സന്ദർശനം കേരളത്തിന്റെ കായികഭൂപടത്തെ മാറ്റിമറിക്കുമെന്ന് റിപ്പോർട്ടർ വൈസ് ചെയർമാൻ ജോസ് കുട്ടി അഗസ്റ്റിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. മെസിയെത്തിയതിന് മുൻപും ശേഷവും എന്ന നിലയ്ക്ക്, കേരളത്തിന്റെ കായിക രംഗം മാറുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കുട്ടി അഗസ്റ്റിൻ പറഞ്ഞു. അർജന്റീന- ഓസ്ട്രേലിയ പോരാട്ടം ലോകകായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തും. കൂടുതൽ ഫിഫ മത്സരങ്ങൾ കൊച്ചിയിൽ സംഘടിപ്പിക്കാനാണ് ശ്രമമെന്നും ജോസ് കുട്ടി അഗസ്റ്റിൻ വ്യക്തമാക്കി.

അതേ സമയം അർജന്റീന-ഓസ്ട്രേലിയ പോരാട്ടത്തിനായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അതിവേഗത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. 70 കോടി ചെലവിട്ടാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നത്. ഫിഫ മാനദണ്ഡങ്ങൾ പാലിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് പുനർ നിർമാണം. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിക്കും. കസേരകളെല്ലാം ഇളക്കിമാറ്റി പുതിയത് സ്ഥാപിച്ച് തുടങ്ങി.

വിവിഐപി ഗ്യാലറികളും പവലിയനുകളും പ്രധാന ആകർഷണമാകും. 30 ദിവസത്തിനകം നിർമാണം പൂർത്തിയാക്കും. രണ്ടായിരം തൊഴിലാളികളാണ് നിർമാണം നടത്തിക്കൊണ്ടിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് മെസ്സിയുടെയും അർജന്റീനയുടെയും വരവിൽ ഒരുങ്ങുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടേയും അവലോകനയോഗം ചേർന്ന് സുരക്ഷ വിലയിരുത്തി. അൻപതിനായിരം കാണികളെ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കാവുന്ന തരത്തിലാകും ക്രമീകരണങ്ങൾ.

ലയണല്‍ മെസി ക്യാപ്റ്റനായ ലോകകപ്പ് നേടിയ അർജന്റീന ടീമാണ് കൊച്ചിയിൽ മത്സരത്തിനെത്തുന്നത്. എമിലിയാനോ മാര്‍ട്ടിനെസ്, അലക്‌സിസ് മക്അലിസ്റ്റര്‍ ,റോഡ്രിഗോ ഡീപോള്‍ , ജൂലിയന്‍ അല്‍വാരസ്, ലൗത്താരോ മാര്‍ട്ടിനെസ് , ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടമെന്‍ഡി, ഗോണ്‍സാലോ മോണ്ടിയെല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍കോസ് അക്യുന, നഹുവെല്‍ മൊളിന, എസ്വെക്വിയേല്‍ പലാസിയോസ് , ജിയോവാനി ലോസെല്‍സോ, നിക്കോ ഗോണ്‍സാലസ് , തിയാഗോ അല്‍മെഡ , തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും. എതിരാളികളായ ഓസ്‌ട്രേലിയൻ ടീമിനെയും ഉടൻ പ്രഖ്യാപിക്കും.

Content Highlights: argentina match tickets will announce soon, news currently circulating is fake

To advertise here,contact us