കൊച്ചി: യൂത്ത് കോണ്ഗ്രസ് അധ്യക്ഷ നിയമനത്തിൽ പ്രതികരിച്ച് ഹെെബി ഈഡൻ എംപി. അബിൻ വർക്കി അർഹതയുള്ള നേതാവാണെന്നും എന്നാൽ ദേശീയ സെക്രട്ടറിയായതുകൊണ്ട് സംസ്ഥാനത്ത് പ്രവര്ത്തിക്കാന് പറ്റില്ല എന്നില്ലയെന്നും ഹെെബി ഈഡൻ എംപി പറഞ്ഞു.
'സംസ്ഥാന അധ്യക്ഷന് വന്നില്ലായെന്നതായിരുന്നു നിങ്ങളുടെ ഇത്രയും ദിവസത്തെ പ്രശ്നം. ഒ ജെ ജനീഷ് ഊര്ജ്ജസ്വലനായ ചെറുപ്പക്കാരനാണ്. നിങ്ങളുടെ പ്രൊഡക്ട് ആണല്ലോ അബിന് വര്ക്കി. ചാനല് ചര്ച്ചയില് നിങ്ങള് ഏറ്റവും കൂടുതല് പ്രയോജനപ്പെടുത്തിയ രണ്ടുപേരാണ് രാഹുലും അബിനും. യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന് അര്ഹതയുള്ള നേതാവാണ് അബിൻ. യൂത്ത് കോണ്ഗ്രസ് അധ്യക്ഷനാകാന് ക്രൈറ്റീരിയ കുറവുള്ളയാളല്ല. അതുകൊണ്ടാണ് സേവനം പ്രയോജനപ്പെടുത്താന് ആള് ഇന്ത്യാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. അബിന് ഒരു ശതമാനം പോലും അധ്യക്ഷനാകാന് യോഗ്യതക്കുറവില്ല . രാഹുലിന്റെ കൂടെ ടീം എന്ന നിലയില് നിര്ണ്ണായക പങ്കുവഹിച്ചയാളാണ്. അബിന് പാര്ട്ടി വിട്ട് പോകുമെന്ന പ്രചാരണം തെറ്റാണ്', ഹൈബി ഈഡന് പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് അധ്യക്ഷനാകാന് മതമോ ജാതിയോ ഘടകമല്ല. ദേശീയ സെക്രട്ടറിയായതുകൊണ്ട് സംസ്ഥാനത്ത് പ്രവര്ത്തിക്കാന് പറ്റില്ലായെന്നില്ലയെന്നും ഹെെബി ഈഡൻ പറഞ്ഞു.
തിരഞ്ഞെടുപ്പില് രണ്ടാമതെത്തിയ അബിനെ എന്തുകൊണ്ട് പ്രസിഡന്റ് ആക്കിയില്ല എന്നതിന്റെ ഉത്തരം ദേശീയ പ്രസിഡന്റാണ് പറയേണ്ടതെന്നും ഹൈബി ഈഡന് വ്യക്തമാക്കി. ഇന്നലെയാണ് ഒ ജെ ജനീഷിനെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിന് വര്ക്കിയെ യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ ജനറല് സെക്രട്ടറിയായും ചുമതലപ്പെടുത്തി. എന്നാല് അധ്യക്ഷനായി അബിന് വര്ക്കിയെ പരിഗണിക്കാത്തതില് ഐ ഗൂപ്പിന് അതൃപ്തിയുണ്ട്.
അതേസമയം പള്ളുരുത്തി ഹിജാബ് വിവാദത്തിൽ മതസ്പര്ദ്ധ ഉണ്ടാക്കാന് അനുവദിക്കില്ലെന്നും കുട്ടിയുടെ പിതാവുമായി ചര്ച്ച നടത്തിയെന്നും ഹൈബി ഈഡന് പറഞ്ഞു. സ്കൂളില് തുടര്ന്നും പഠിപ്പിക്കുവാന് കുട്ടി ആഗ്രഹിക്കുന്നു എന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. സ്കൂളിന്റെ നിയമാവലി അനുസരിച്ച് കുട്ടി നാളെ മുതല് സ്കൂളില് എത്തുമെന്നും ഹെെബി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കും.
Content Highlight: Abin varkey deserves to be president of the state Youth Congress Said Hibi Eden