എൻഎസ്എസിനെപ്പറ്റി ആക്ഷേപം ഉന്നയിക്കുന്നത് സ്വന്തം സമുദായക്കാർ; സംഘടനയെ തകർക്കാനാണ് ശ്രമം: എം സംഗീത് കുമാർ

'നവമാധ്യമങ്ങളിലൂടെ എൻഎസ്എസിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണങ്ങളാണ് നടത്തുന്നത്'

പത്തനംതിട്ട: എൻഎസ്എസിനെതിരെയും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും ആക്ഷേപം ഉന്നയിക്കുന്നത് സ്വന്തം സമുദായത്തിൽ നിന്നുള്ളവർ തന്നെയാണെന്ന് വൈസ് പ്രസിഡന്റ് എ സംഗീത് കുമാർ. ഏഴംകുളം മേഖല നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഗീത്.

ഈ ആക്ഷേപങ്ങളെല്ലാം സമുദായത്തിലുള്ളവരെക്കൊണ്ട് മറ്റുള്ളവർ ഉന്നയിപ്പിക്കുന്നതാണ്. ഇത്രയും കെട്ടുറപ്പും സംഘടനാ സംവിധാനവുമുള്ള പ്രസ്ഥാനത്തെ തകർക്കാനാണിത്. മുന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇപ്പോൾ രാജ്യത്ത് ആകെ ഒരു സംഘടനയുള്ളത് എൻഎസ്എസാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ രാഷ്ട്രീയം മാത്രമേയുള്ളൂ. അവർ പിന്നാക്കക്കാർ, പട്ടികജാതിക്കാർ, ന്യൂനപക്ഷങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളുടെ ആവശ്യങ്ങൾ മാത്രമേ പരാമർശിക്കാറുള്ളൂ. എൻഎസ്എസിന്റെ സമ്മർദം കൊണ്ടാണ് കേരളത്തിൽ മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഉണ്ടായത്. കേരളത്തിൽ ആചാരലംഘനങ്ങളും ഹൈന്ദവ വിശ്വാസങ്ങൾക്ക് വെല്ലുവിളിയും ഉണ്ടാകുമ്പോഴും സംരക്ഷിക്കാൻ മുൻപന്തിയിൽ എൻഎസ്എസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമങ്ങളിലൂടെ എൻഎസ്എസിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണങ്ങളാണ് നടത്തുന്നത്. സമുദായത്തിനും സംഘടനയ്ക്കും ഭീഷണി വരുമ്പോൾ രാഷ്ട്രീയത്തിനതീതമായി നമുക്ക് ചിന്തിക്കാൻ കഴിയണം. മറ്റ് വിഭാഗങ്ങൾ അത്തരം സാഹചര്യങ്ങളിൽ അവരുടെ സംഘടനയുടെ കുടക്കീഴിൽ അണിനിരക്കാറുണ്ട്. സംഘടിച്ച് ശക്തിയായി ഒരു വോട്ടുബാങ്കായി നിലകൊണ്ടാൽ മാത്രമേ ഈ രാജ്യത്ത് ജീവിക്കാൻ കഴിയൂവെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Content Highlights: A Sangeeth Kumar says that those who are raising allegations against NSS and General Secretary Sukumaran Nair are from their own community

To advertise here,contact us