ഭോപ്പാലിൽ ബ്രാഹ്‌മണന്റെ കാൽ കഴുകിച്ച സംഭവം; നാലുപേർക്കെതിരെ കേസെടുത്തു

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പുരുഷോത്തം ഖുശ്വാഹയെ കൊണ്ടാണ് ബ്രാഹ്‌മണനെ അപമാനിച്ചുവെന്നാരോപിച്ച് ഗ്രാമസഭ കാലുകഴുകിച്ചത്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ബ്രാഹ്‌മണന്റെ കാൽ കഴുകിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. ധമോഹ് ജില്ലയിലാണ് സംഭവം നടന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പുരുഷോത്തം ഖുശ്വാഹയെ കൊണ്ടാണ് ബ്രാഹ്‌മണനെ അപമാനിച്ചുവെന്നാരോപിച്ച് ഗ്രാമസഭ കാലുകഴുകിച്ചത്. പുരുഷോത്തം മാപ്പ് പറയുകയും കാൽ കഴുകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

നിർമിത ബുദ്ധിയുടെ സഹായത്തോടെ പുരുഷോത്തം തയാറാക്കിയ ഒരു വീഡിയോ വിവാദമായിരുന്നു. അനുജ് പാണ്ഡെയെന്നയാൾ ഷൂമാല ധരിച്ചുനിൽക്കുന്നതായിരുന്നു വീഡിയോ. ഇതു പ്രചരിച്ചതോടെയാണ് അമർഷം പുകഞ്ഞത്. 15 മിനിറ്റിനുള്ളിൽ വീഡിയോ നീക്കം ചെയ്യുകയും ബ്രാഹ്മണ സഭയോടും അനുജിനോടും പുരുഷോത്തം മാപ്പ് പറയുകയും ചെയ്തു. എന്നാൽ ഗ്രാമസഭ കൂടി പുരുഷോത്തമിനെ കൊണ്ട് കാൽ കഴുകിക്കുകയായിരുന്നു. 5100 രൂപ പിഴ നൽകാനും ഉത്തരവിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തില്‍ മദ്യ നിരോധനം നടപ്പാക്കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ അനുജ് പാണ്ഡെ മദ്യം വില്‍ക്കുന്നത് തുടര്‍ന്നു. സംഭവം ഗ്രാമവാസികള്‍ പിടിച്ചതോടെ അവര്‍ തന്നെ ശിക്ഷയും വിധിച്ചു. പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴയടയ്ക്കാനുമായിരുന്നു തീരുമാനം. പാണ്ഡെ പിഴയടയ്ക്കുകയും ഗ്രമാവാസികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നാലെ പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നില്‍ക്കുന്നു എന്ന തരത്തില്‍ പുരുഷോത്തം എഐ ചിത്രം ഉണ്ടാക്കുകയും അത് ഗ്രാമത്തിലാകെ പ്രചരിപ്പിക്കുകയുമായിരുന്നു.

ഇതേതുടര്‍ന്ന് തങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ച് ഗ്രാമത്തിലെ ബ്രാഹ്‌മണ വിഭാഗം രംഗത്തെത്തുകയായിരുന്നു.

പുരുഷോത്തം പ്രായശ്ചിത്തം ചെയ്യണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങിയ പുരുഷോത്തം മുട്ടുകുത്തിയിരുന്ന് പാദം കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പുരുഷോത്തം പറഞ്ഞു. ഇതിനെ രാഷ്ട്രീയമാക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് അനുജ് പാണ്ഡെയും രംഗത്തെത്തി.

Content Highlights: OBC youngster in MP forced to wash Brahmin man’s feet as punishment for posting AI image

To advertise here,contact us