കോഴിക്കോട്: ഹോട്ടലുകളില് ചാരിറ്റിക്കായിവെച്ചിരുന്ന പണപ്പെട്ടി കവര്ന്ന മോഷ്ടാവ് പിടിയില്. തൃശൂര് ചാഴൂര് സ്വദേശി സന്തോഷ് കുമാര് ആണ് പിടിയിലായത്. മുന്പ് മോഷണം നടത്തിയ ഹോട്ടലുകളുടെ ലിസ്റ്റുമായായിരുന്നു ഇയാള് കവര്ച്ചയ്ക്ക് ഇറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഇയാള് ഒരു ഹോട്ടലില് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.
അതിവിദഗ്ധമായാണ് ഇയാള് മോഷണം നടത്തുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യത്തില് ഇയാള് മോഷണം നടത്തുന്നത് വ്യക്തമായി കാണാം. ഹോട്ടല് മാനേജരുമായി സംസാരിച്ച ശേഷം പോകാന് ഇറങ്ങുമ്പോള് ഇയാള് പോക്കറ്റില് നിന്ന് ഒരു പൊതി പുറത്തെടുക്കുന്നുണ്ട്. ഇതില് ചില്ലറ പൈസയാണ്. ഇത് മാറ്റി നോട്ട് വാങ്ങുകയാണെന്ന വ്യാജേനെ സഞ്ചി മേശപ്പുറത്തുവെയ്ക്കുന്നു. ചാരിറ്റിക്കുള്ള പണപ്പെട്ടി ഹോട്ടല് മാനേജര് കാണാതെ സഞ്ചി ഉപയോഗിച്ച് മറയ്ക്കും. ഈ സമയം കടയില് ആരെങ്കിലും വന്നാല് അതും ഇയാള് ശ്രദ്ധിക്കും. ആരും കാണാതെ പണപ്പെട്ടി മറച്ചുപിടിച്ച് ഹോട്ടലില് മുങ്ങുകയാണ് ചെയ്യുന്നത്.
പണപ്പെട്ടി കാണാതായതോടെ ഹോട്ടല് ജീവനക്കാര് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതോടെയാണ് അതിവിദഗ്ധമായ മോഷണം ശ്രദ്ധയില്പ്പെട്ടത്. തുടര്ന്ന് പൊലീസില് വിവരം അറിയിക്കുകയായിരുന്നു. ഹോട്ടല് ഉടമ നല്കിയ പരാതിയില് പൊലീസ് കേസെടുത്തു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള് കുടുങ്ങുന്നത്. കോഴിക്കോട് ഇയാള് ഇരുപതോളം ഹോട്ടലുകളില് മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
Content Highlights- Man arrested for theft charity boxes from hotels in kozhikode