പാലക്കാട്: വാണിയംകുളത്ത് മുന് ഡിവൈഎഫ്ഐ പ്രവര്ത്തകനും പനയൂര് സ്വദേശിയുമായ വിനേഷിനെ ആക്രമിച്ച സംഭവത്തില് മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്ഐ ഷൊര്ണൂര് ബ്ലോക്ക് സെക്രട്ടറി രാകേഷ് ആണ് കീഴടങ്ങിയത്. ഷൊര്ണൂര് ഡിവൈഎസ്പിയുടെ ഓഫീസില് എത്തിയാണ് രാകേഷ് കീഴടങ്ങിയത്. രാകേഷിന്റെ നേതൃത്വത്തില് ഹാരിസ്, സുര്ജിത്, കിരണ് എന്നിവര് അടങ്ങിയ സംഘമായിരുന്നു വിനേഷിനെ മര്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
ദിവസങ്ങള്ക്ക് മുന്പായിരുന്നു സംഭവം നടന്നത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടെന്ന് പറഞ്ഞ് രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം വിനേഷിനെ മര്ദിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ഷൊര്ണൂര് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗമാണ് വിനേഷിനെ മര്ദിച്ച ഹാരിസ്. ഡിവൈഎഫ്ഐ കൂനത്തറ മേഖല ഭാരവാഹികളാണ് സുര്ജിത്തും കിരണും. സംഭവത്തിന് പിന്നാലെ മൂവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇവര് നിലവില് റിമാന്ഡിലാണ്.
ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരവുമായി ബന്ധപ്പെട്ടായിരുന്നു രാകേഷ് ഫേസ്ബുക്കില് പോസ്റ്റിട്ടത്. ഇതിന് താഴെ ഇത്തരം പരിപാടികള്കൊണ്ട് ജനങ്ങള്ക്ക് എന്തുപകാരം എന്ന് ചോദിച്ചായിരുന്നു വിനേഷ് കമന്റിട്ടത്. ഇതില് പ്രകോപിതരായാണ് വിനേഷിനെ രാകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മര്ദിച്ചത്. തലയ്ക്കും ശരീരത്താകെയും പരിക്കേറ്റ വിനേഷിനെ സംഘം ഓട്ടോയില് കയറ്റി വീട്ടുമുറ്റത്ത് എത്തിച്ചു. വീട്ടുകാര് ചോദിച്ചപ്പോള് ഡിവൈഎഫ്ഐ പ്രവര്ത്തകര് മര്ദിച്ചതായി വിനേഷ് പറഞ്ഞു. തുടര്ന്ന് വീട്ടുകാര് വിനേഷിനെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
Content Highlights- Main accused of vaniyamkulam dyfi attack surrendered to police