കൊച്ചി: കൊച്ചിയിലെ പള്ളുരുത്തി സെന്റ് റിത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില് പരിസരത്ത് ക്രമസമാധാനം നിലനിര്ത്തണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്കൂള് മാനേജ്മെന്റ് സമര്പ്പിച്ച ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാര്ത്ഥിനിയെ ഹിജാബ് ധരിച്ചെത്തുന്നതില് നിന്ന് വിലക്കിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല് സ്കൂള് അധികൃതര് കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാവശ്യപ്പെട്ട് മാതാപിതാക്കള് രംഗത്തെത്തിയിരുന്നു. സംഭവത്തില് വിദ്യാര്ത്ഥിയുടെ മാതാപിതാക്കള് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയിട്ടുണ്ട്. ജൂണ്- ജൂലൈ മാസത്തില് രണ്ടോ മൂന്നോ ദിവസങ്ങളിലും കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നതായി സ്കൂള് മാനേജ്മെന്റ് പറഞ്ഞിരുന്നു.
അതേസമയം, സ്കൂള് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച തീരുമാനം പാലിക്കാന് എല്ലാ വിദ്യാര്ത്ഥികളും ബാധ്യസ്ഥരാണെന്നും ഒരു കുട്ടി മാത്രം അതില് നിന്ന് വിട്ടുനില്ക്കുന്നത് മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്ന്ന് നാല് മാസത്തോളം കുട്ടി യൂണിഫോം ധരിച്ച് സ്കൂളില് വന്നിരുന്നു. അതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. പിന്നാലെ സ്കൂള് മാനേജ്മെന്റ് കുട്ടിയെ വിലക്കുകയായിരുന്നു.
മറ്റൊരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത് എന്നാണ് സ്കൂള് മാനേജ്മെന്റിന്റെ ആരോപണം. ചിലര് സ്കൂളില് മനപൂര്വം പ്രശ്നമുണ്ടാക്കാന് ശ്രമിക്കുകയാണെന്നും ഇതിനാല് മറ്റ് കുട്ടികള് ഭീതിയിലാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. സംഭവത്തെ തുടര്ന്ന് സ്കൂളിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രിന്സിപ്പല് വ്യക്തമാക്കി.
Content Highlight; Hijab Row at Palluruthy School; High Court orders law and order to be maintained in the premises