ഡോക്ടർ കണ്ണട മറന്നുവെച്ചെന്ന് കരുതി സഹായിക്കാൻ ഇറങ്ങി; ട്രെയിനും 500 രൂപയും പോയി; ഒടുവിൽ 'കള്ളനു'മായി മുൻ DGP

വന്ദേഭാരതിൽ തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കുള്ള യാത്രയിലായിരുന്നു ഋഷിരാജ് സിങ്. ഇതിനിടെയാണ് സംഭവങ്ങൾ

കൊച്ചി: സഹായത്തിനിറങ്ങി പെട്ടുപോയ അവസ്ഥയിലാണ് മുന്‍ ഡിജിപി ഋഷിരാജ് സിങ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിലായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ സഹയാത്രികയായിരുന്ന ഡോക്ടര്‍ കണ്ണടയും പുസ്തകവും മറന്നുവെച്ചെന്ന് കരുതി സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു ഋഷിരാജ് സിങ്. ഇതിനിടെ ട്രെയിന്‍ പോയി. ഒപ്പം അഞ്ഞൂറ് രൂപയും. എന്നാല്‍ ഡോക്ടര്‍ കണ്ണടയും പുസ്തകവും മറന്നുവെച്ചതായിരുന്നില്ല. സംഭവം ഇങ്ങനെ.

തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കുള്ള യാത്രയിലായിരുന്നു ഋഷിരാജ് സിങ്. എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്നത് ഡോക്ടര്‍ രമാ മുകേഷും കുടുംബവുമായിരുന്നു. ഇതിനിടെ ട്രെയിന്‍ എറണാകുളം സ്‌റ്റേഷനിലെത്തി. ഡോക്ടര്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകവും കണ്ണടയും സീറ്റില്‍വെച്ച ശേഷം അവിടെ നിന്ന് എഴുന്നേറ്റു. ഡോക്ടര്‍ സ്‌റ്റേഷനില്‍ ഇറങ്ങിയെന്നും കണ്ണടയും പുസ്തകവും മറന്നുവെച്ചതാണെന്നും ഋഷിരാജ് സിങ് കരുതി. ഡോക്ടറെ സഹായിക്കാമെന്ന് കരുതി പുസ്തകവും കണ്ണടയുമായി ഋഷിരാജ് സിങ് പ്ലാറ്റ്ഫോമില്‍ ഇറങ്ങി. എന്നാല്‍ ഡോക്ടറും കുടുംബവും പുറത്തിറങ്ങിയിരുന്നില്ല. എറണാകുളത്ത് ഇറങ്ങുന്ന മകളെ യാത്രയാക്കാന്‍ ഫ്‌ളാറ്റ്‌ഫോമിന് സമീപത്തേയ്ക്ക് വരിക മാത്രമാണ് ഡോക്ടറും ഭര്‍ത്താവും ചെയ്തത്. എന്നാല്‍ ഋഷിരാജ് സിങ് ഇത് കണ്ടിരുന്നില്ല. ഇതിനിടെ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീങ്ങി. പെട്ടെന്നുള്ള നീക്കമായിരുന്നതിനാല്‍ ഋഷിരാജ് സിങ് ഫോണും പഴ്‌സും മറ്റ് സാധനങ്ങളും എടുത്തിരുന്നില്ല. ഡോക്ടറേയും കുടുംബത്തേയും കാണാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ മുന്‍ ഡിജിപി അല്‍പനേരം കുഴങ്ങി.

ഫ്‌ളാറ്റ്‌ഫോമില്‍ തനിക്ക് പരിചയമുണ്ടായിരുന്ന ഈറോഡ് എന്ന റസ്റ്ററന്റില്‍ എത്തിയ ഋഷിരാജ് സിങ് മാനേജരോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പുസ്തകവും കണ്ണടയും റെയില്‍വേ പൊലീസിനെ ഏല്‍പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. വന്ദേഭാരതില്‍ ഉണ്ടായിരുന്ന തന്റെ ഫോണും പഴ്‌സും മറ്റും സേഫ് ആക്കണമല്ലോ. വസ്തുക്കള്‍ തന്നെ കൂട്ടാന്‍ എത്തുന്ന ആളെ ഏല്‍പ്പിക്കാനും ഋഷിരാജ് സിങ് ഏര്‍പ്പാട് ചെയ്തു. റസ്റ്ററന്റിലെ മാനേജരില്‍ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയ ശേഷം അദ്ദേഹം അടുത്ത ട്രെയിനിന് ടിക്കറ്റെടുത്തു.

ഈ സമയം കണ്ണടയും പുസ്തകവും കാണാത്തതിന്റെ തിരച്ചിലിലായിരുന്നു ഡോക്ടറും ഭര്‍ത്താവും. തൃശൂരില്‍ ഇറങ്ങിയ ഡോക്ടര്‍ കണ്ണടയും പുസ്തകവും കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. ഇതിനിടെ പൊലീസ് ഡോക്ടറെ ബന്ധപ്പെടുകയും കണ്ണടയും പുസ്തവും ലഭിച്ച കാര്യം അറിയിക്കുകയും ചെയ്തു. മുന്‍ ഡിജിപിയാണ് വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ചതെന്ന് അറിഞ്ഞ ഡോക്ടര്‍ അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവം പുറത്തേയ്ക്ക് പോയത് മറ്റൊരു രീതിയിലാണ്. ഡോക്ടറുടെ വിലപിടിപ്പുള്ള കണ്ണട മുന്‍ ഡിജിപി മോഷ്ടിച്ചെന്ന് കാണിച്ച് വാര്‍ത്ത പുറത്തുവരികയായിരുന്നു.

Content Highlighst-Former dgp rishiraj sing faced trouble after decide to help doctor

To advertise here,contact us