കൂക്കിവിളികളും കരിങ്കൊടി പ്രതിഷേധവും; രാഹുലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ, വകവെക്കാതെ എംഎൽഎ

'ഗോ ബാക്ക്' വിളികളുമായി രാഹുലിന്‍റെ വാഹനം തടഞ്ഞ് ഡിവെെഎഫ്ഐ പ്രവർത്തകർ, പ്രതിഷേധം വകവെക്കാതെ കാറിൽനിന്നിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു

പാലക്കാട്:പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. 'ഗോ ബാക്ക്' വിളികളുമായി രാഹുലിന്റെ വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെ നേരിടാൻ യുഡിഎഫ് നേതാക്കളും എത്തി. പ്രതിഷേധം വകവെക്കാതെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

രാഹുലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ പ്രതിരോധം തീർത്തു. പ്രവർത്തകർ പൊന്നാട അണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്.

എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകരും പ്രദേശത്ത് എത്തി. പിരായിരിയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനായിരുന്നു രാഹുൽ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുലിനെ തടയുമെന്ന് നേരത്തെ തന്നെ ഡിവൈഎഫ്ഐയും ബിജെപിയും അറിയിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാനുള്ള നീക്കത്തിലാണ്. ഫ്ളക്സുകളും പോസ്റ്ററുകളും വെച്ച് പരമാവധി പ്രചാരണം നൽകിയാണ് രാഹുലിന്റെ പിരായിരിയിലെ പൊതുപരിപാടി യുഡിഎഫ് സജീവമാക്കിയത്.

സ്ത്രീകളുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ 38 ദിവസം മാറി നിന്നതിനുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് തിരിച്ചെത്തിയത്. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാഹുൽ പിരായിരിയിൽ എത്തിയത്.

മാധ്യമങ്ങളെ പോലും അറിയിക്കാതെ, മണ്ഡലത്തിൽ എത്തി കെഎസ്ആർടിസി പാലക്കാട് - ബെംഗളൂരു സർവീസിന്റെ ഉദ്ഘാടനവും നഗരസഭാ പരിധിയിലെ കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടിയിലും രാഹുൽ പങ്കെടുത്തിരുന്നു. രാഹുലിനെ ഒളിപ്പിച്ച് രഹസ്യമായാണ് ഒരോ പരിപാടികളിലും കോൺഗ്രസ് നേതാക്കൾ എത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും പരിഹാസവും ഇതിന് പിന്നാലെ ഉയർന്നിരുന്നു.

Content Highlights: DYFI holds black flag protest against MLA Rahul Mamkootathil at palakkad

To advertise here,contact us