നിർബന്ധിത ലൈംഗിക ബന്ധത്തിന് തെളിവില്ലെന്ന് കോടതി; ചോറ്റാനിക്കര പോക്‌സോ അതിജീവിതയുടെ മരണത്തിൽ പ്രതിക്ക് ജാമ്യം

പ്രതിക്കെതിരെ ലൈംഗിക അതിക്രമ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി: ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തിൽ പ്രതി തലയോലപ്പറമ്പ് സ്വദേശി കെ എം അനൂപിന് ജാമ്യം. ഹൈക്കോടതിയാണ് ഒമ്പത് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. പ്രതിയുടെ പ്രായം, മുൻ ക്രിമിനൽ പശ്ചാത്തലങ്ങളുടെ അഭാവം, ദീർഘനാളായി ജയിലിൽ കഴിയുന്നു എന്നിവ കണക്കിലെടുത്താണ് നടപടി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിർബന്ധിത ലൈംഗിക ബന്ധത്തിന്റെ തെളിവുകളില്ലെന്നും പ്രതിക്കെതിരെ ലൈംഗിക അതിക്രമ കുറ്റം നിലനിൽക്കില്ലെന്നുമാണ് കോടതിയുടെ നീരിക്ഷണം. 2025 ജനുവരി 25നാണ് ചോറ്റാനിക്കരയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശരീരമാസകലം മുറിവുകളിൽ ഉറുമ്പ് അരിച്ച് അബോധാവസ്ഥയിലായ നിലയിലാണ് 19 കാരിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പലപ്പോഴായി പെൺകുട്ടിയുടെ വീട്ടിൽ പ്രതി വരാറുണ്ടായിരുന്നു. വീട്ടിലെത്തിയ പ്രതി ക്രൂരമായി ആക്രമിക്കുകയും പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.

ശ്വാസം കിട്ടാതെ ഒച്ചയിട്ട പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിക്ക് ഫിക്‌സ് ഉണ്ടാവുകയായിരുന്നു. അനക്കമില്ലാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി ആറ് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്.

അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി അനൂപിനെതിരെ കൊലക്കുറ്റം ഒഴിവാക്കിയിരുന്നു.

Content Highlights: Accused in death of POCSO survivor in Chottanikkara granted bail

To advertise here,contact us