തിരുവനന്തപുരം: ഷാഫി പറമ്പില് എംപിയുടെ മൂക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല് മീഡിയ പോസ്റ്റുകള്ക്കിടയില് പ്രതികരണവുമായി നടി സജിതാ മഠത്തില്. തനിക്ക് തലയില് വലിയ ഓപ്പറേഷന് ചെയ്തിട്ടും മുടി അല്പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില് ഫേസ്ബുക്കില് കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല് തലയില് ഇത്രയും വലിയ ഓപ്പറേഷന് ചെയ്തതായി തോന്നുകയില്ലായിരുന്നുവെന്ന് സജിത കുറിച്ചു.
2019ല് ബ്രെയിന് ട്യൂമര് ഓപ്പറേഷന് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില് എത്തിയപ്പോള് എടുത്ത ഫോട്ടോ പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ' എന്റെ മുടി ഓപ്പണ് സര്ജറി ചെയ്ത ഭാഗത്ത് അല്പ്പം മാത്രമേ മുറിച്ചിരുന്നുള്ളു. പുറത്ത് നിന്നും നോക്കിയാല് തലയില് ഇത്രയും വലിയ ഓപ്പറേഷന് ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന് വിവാദങ്ങള് കണ്ടപ്പോള് വെറുതെ ഓര്ത്തു പോയെന്ന് മാത്രം', സജിതാ മഠത്തില് കുറിച്ചു. പോസ്റ്റ് ചര്ച്ചയായതിനെ തുടര്ന്ന് പിന്നീട് പിന്വലിച്ചു.
പേരാമ്പ്രയിലെ സിപിഐഎം- കോണ്ഗ്രസ് സംഘര്ഷത്തിനിടയില് പൊലീസിന്റെ അക്രമത്തില് ഷാഫി പറമ്പിലിന് മൂക്കില് പരിക്കേറ്റിരുന്നു. പിന്നാലെ ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള് കോണ്ഗ്രസ് നേതാക്കള് പങ്കുവെച്ചതിന് പിന്നാലെ ഷാഫിക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല് മീഡിയയില് പ്രചരിച്ചത്. മീശയും താടിയും വടിക്കാതെ ഷാഫി എങ്ങനെയാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു പ്രധാനമായും ഉയര്ന്ന വിമര്ശനങ്ങള്.
പേരാമ്പ്രയില് ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്ക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിരുന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില് വ്യക്തമായി കാണാനാവുന്നത്. അതേസമയം പേരാമ്പ്രയിലെ കോണ്ഗ്രസ്-സിപിഐഎം സംഘര്ഷത്തില് ഷാഫി പറമ്പില് എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്കുമാര് ഉള്പ്പടെ എട്ട് യുഡിഎഫ് നേതാക്കള്ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്. സംഘര്ഷത്തില് സിപിഐഎം നേതാക്കളായ കെ സുനില്, കെ കെ രാജന് എന്നിവര്ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്ത്തകര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്ഷത്തില് രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര് ചെയ്തത്.
Content Highlights: Sajitha Madathil about her operation amidst trolls against Shafi Parambil