സ്‌കൂൾ കലോത്സവത്തെക്കുറിച്ചുള്ള റിപ്പോർട്ടറിന്റെ വാർത്ത; ഡോ. കെ അരുൺ കുമാറിനും ഷബാസിനുമെതിരായ കേസ് റദ്ദാക്കി

കേസെടുത്തതില്‍ വസ്തുതാപരമായ പിഴവുണ്ടെന്ന പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതിയുടെ നടപടി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത; ഡോ. കെ അരുണ്‍ കുമാറിനും ഷബാസിനുമെതിരായ കേസ് റദ്ദാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടറിന്റെ വാര്‍ത്തയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. കെ അരുണ്‍ കുമാറിനും റിപ്പോര്‍ട്ടര്‍ ഷാബാസിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി തള്ളിയത്. കേസെടുത്തതില്‍ വസ്തുതാപരമായ പിഴവുണ്ടെന്ന പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കോടതിയുടെ നടപടി. ദൃശ്യങ്ങളില്‍ നിന്ന് കുറ്റകൃത്യം വെളിവായിട്ടില്ലെന്നായിരുന്നു റഫര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്. ചാനലില്‍ സംപ്രേഷണം ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു പരാതിയെന്നും റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത അനുസരിച്ച് കുറ്റകൃത്യം വെളിവാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കോ പെണ്‍കുട്ടിക്കോ പരാതിയില്ലെന്നും ആര്‍ക്കുമില്ലാത്ത പരാതി സര്‍ക്കാരിന് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞിരുന്നു. ഡോ. അരുണ്‍കുമാറും ഷബാസും നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസായിരുന്നു കേസെടുത്തത്.

Content Highlights: kalolsavam reporting case against Reportertv, The court dismissed the case

To advertise here,contact us