'1998 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍വരട്ടെ'; സ്വർണക്കൊള്ളയിൽ പിഎസ് പ്രശാന്ത്

'ഞാൻ ആണ് കുഴപ്പക്കാരൻ എങ്കിൽ എന്നെ ശിക്ഷിക്കട്ടെ'യെന്ന് പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇത്തവണ സ്വര്‍ണപ്പാളി കൊണ്ടുപോയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബോര്‍ഡിനാണെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.1998 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരട്ടെയെന്നും അതിനാണല്ലോ പുതിയ അന്വേഷണ സംഘം വന്നിരിക്കുന്നതെന്നും അവര്‍ അന്വേഷിക്കട്ടെയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

'ബോര്‍ഡുമായി ബന്ധപ്പെട്ട് ഏതെല്ലാം അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ മാധ്യമങ്ങള്‍ പറയാതെ തന്നെയാണ് ബോര്‍ഡ് കണ്ടെത്തിയത്. സ്‌പോണ്‍സറെ മാറ്റിയത് ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ള ബോര്‍ഡിനെ സംശയ നിലയില്‍ ആക്കേണ്ടതില്ല. സ്വര്‍ണമെല്ലാം പിടിച്ചെടുക്കുക തന്നെ വേണം. അത് തന്നെയാണ് ആവശ്യം. ഞാന്‍ കുഴപ്പക്കാരനെങ്കില്‍ എന്നെയും ശിക്ഷിക്കണം. ഭഗവാന്റെ ഒരു തരി പൊന്ന് പോലും കട്ട് കൊണ്ട് പോകാന്‍ മന്ത്രിയോ ബോര്‍ഡോ കൂട്ട് നിന്നിട്ടില്ല. അതിന്റെ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ബോര്‍ഡിന് ആശയക്കുഴപ്പമൊന്നുമില്ല. ആറ് ആഴ്ച്ച കൂടി ക്ഷമിക്കൂ. ആറാഴ്ച്ച കഴിഞ്ഞ് പി എസ് പ്രശാന്ത് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.' പി എസ് പ്രശാന്ത് പറഞ്ഞു.

'ഒരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമല്ലോ. എല്ലാ വ്യാഖ്യാനങ്ങളും ശെരിയല്ല, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറരുത് എന്നത് എന്‍റെ നിര്‍ദ്ദേശം ആയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത് കഴിഞ്ഞ തവണയും തനിക്കാണ് തന്നത് എന്നാണ്. എന്നാല്‍ ഉദ്യോഗസ്ഥരെ ചാരി അത് കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാട് ഞാന്‍ സ്വീകരിച്ചു. വിജിലന്‍സിന്റെ കണ്ടത്തലുകള്‍ എന്നോട് ചോദിച്ചിട്ടല്ലല്ലോ. അവര്‍ക്കുണ്ടായത് ആശയക്കുഴപ്പമാണ്. അതില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കട്ടെ. അവര്‍ക്ക് താന്‍ കുറ്റക്കാരനാണെന്ന് തോന്നിയാല്‍ പ്രതിയാക്കട്ടെ. പുതിയ അന്വേഷണസംഘത്തില്‍ ആര്‍ക്കും വിശ്വാസം ഇല്ലാതെ ഇല്ലല്ലോ. അന്വേഷണത്തില്‍ വിശ്വാസ്യത ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവും സഹകരിക്കണം. അന്വേഷണസംഘത്തെ നിയോഗിച്ചത് കോടതി ആണ്. അന്വേഷണത്തില്‍ വിശ്വാസം ഇല്ലെങ്കില്‍ പറയണം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പായാല്‍ പെന്‍ഷന്‍ അടക്കം തടഞ്ഞുകൊണ്ടുള്ള നടപടി ഉണ്ടാകും. 14 നു ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കും. മുരാരി ബാബു മാത്രമല്ല കുറ്റക്കാരന്‍.' പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

Content Highlight; Devaswom Board President P. S. Prasanth reacts to the controversy

To advertise here,contact us