'ഷാഫിയുടെ ഷോ ആണ് നടന്നത്, ഷോ കാണിച്ചാല്‍ പ്രതികരിക്കും' : വി കെ സനോജ്

'ഷാഫി ഉദ്ദേശിച്ചത് എല്‍ഡിഎഫ് പ്രകടനത്തില്‍ ഇടിച്ചുകയറുക എന്നതായിരുന്നു. ആ കാഞ്ഞ ബുദ്ധി നടന്നില്ല': വികെ സനോജ് പറഞ്ഞു

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവം ഷോ ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷാഫിയും സംഘവും ഷോ കാണിച്ചെന്നും അവരുടെ കാഞ്ഞ ബുദ്ധി നടന്നില്ലെന്നും വികെ സനോജ് പറഞ്ഞു. സംഘര്‍ഷമുണ്ടാക്കി ഡിവൈഎഫ്‌ഐയെ പേടിപ്പിക്കാമെന്ന് ഷാഫി കരുതേണ്ടെന്നും ഷോ കാണിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കും, അങ്ങനെ സംഘര്‍ഷമുണ്ടായാല്‍ അതിന് ഉത്തരവാദി ഷാഫി മാത്രമായിരിക്കുമെന്നും വികെ സനോദ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സനോജിന്റെ പ്രതികരണം.

'ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയില്‍ കണ്ടത്. സികെജി കോളേജില്‍ കുറേ വര്‍ഷത്തിനിടയില്‍ കെഎസ്‌യു ജയിച്ചെന്നാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവിടെ ഇത്തവണയും ജയിച്ചത് എസ്എഫ്‌ഐ ആണ്. അവിടെ അവര്‍ ഹര്‍ത്താലിന്റെ മറവില്‍ ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ പഞ്ചായത്ത് ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തു. അതിനെതിരെ സ്ത്രീകളുള്‍പ്പെടെ ഇറങ്ങി പ്രതിഷേധിച്ചു. ആ പ്രതിഷേധ പ്രകടനത്തിനെതിരെ യുഡിഎഫിന്റെ സംഘം പ്രകടനമായി വരികയായിരുന്നു. രണ്ട് പ്രകടനവും കൂട്ടിമുട്ടാതിരിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. ഇടതുപക്ഷത്തിന്റെ ആളുകള്‍ പിരിഞ്ഞുപോയി.

ഒന്നര മണിക്കൂര്‍ ഷാഫിയെ കാത്തിരുന്ന് പേരാമ്പ്ര ഉപരോധിക്കുകയായിരുന്നു അവര്‍. ഷാഫിക്ക് വഴിയില്‍ കൂടി പോകുമ്പോഴാണോ മര്‍ദനമേറ്റത്? നൂറുകണക്കിന് ക്രിമിനല്‍ സംഘത്തെ ഇറക്കിയിട്ട് പൊലീസിന് നേരെ കയ്യേറ്റം നടത്തുകയായിരുന്നു. പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കണോ? ഷാഫി ഉദ്ദേശിച്ചത് എല്‍ഡിഎഫ് പ്രകടനത്തില്‍ ഇടിച്ചുകയറുക എന്നതായിരുന്നു. ആ കാഞ്ഞ ബുദ്ധി നടന്നില്ല': വികെ സനോജ് പറഞ്ഞു. വയനാട് ഫണ്ട് എവിടെ എന്ന ചോദ്യത്തിന് ഷാഫിക്കും സംഘത്തിനും ഉത്തരമില്ലെന്നും പിരിച്ച കോടികള്‍ രാഹുല്‍ ഗര്‍ഭഛിദ്രം നടത്താനും ബെംഗളൂരുവിലേക്ക് പോകാനും ഉപയോഗിച്ചെന്നും വികെ സനോജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകുന്നേരമാണ് പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ ലാത്തി ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

Content Highlights: what happened in perambra yesterday was just a show by shafi parambil says vk sanoj

To advertise here,contact us