ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേറ്റു; ലാത്തി കൊണ്ട് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാഫിയെ അടിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു.

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിന് തിരിച്ചടിയാണ്.

ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.

പേരാമ്പ്രയില്‍ ഇന്നലെ പൊലീസ് ലാത്തിചാര്‍ജ് ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ വി കെ പ്രമോദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഷാഫി പറമ്പില്‍ എം പിയ്ക്ക് പരിക്ക് പറ്റിയെങ്കില്‍ അവരുടെ പ്രവര്‍ത്തകരുടെ കയ്യോ മറ്റോ അബദ്ധത്തില്‍ കൊണ്ടത് കൊണ്ടാകാമെന്നും യഥാര്‍ത്ഥത്തില്‍ എംപിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംശയമാണെന്നും പ്രമോദ് പറഞ്ഞു.പരിക്കേറ്റില്ലെന്ന തരത്തില്‍ ചിലവീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വി കെ പ്രമോദ് പറഞ്ഞിരുന്നു.

അതേസമയം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന റൂറല്‍ എസ് പിയുടെ വാദം തെറ്റാണെന്നും ലാത്തിച്ചാര്‍ജില്‍ അല്ലാതെ എങ്ങനെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റതെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നകാര്യം. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് പൊലീസ് ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.Content Highlights: Shafi Parambil was beaten up by the police

To advertise here,contact us