ശബരിമല സ്വര്‍ണക്കൊള്ള: രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്ത് എസ്ഐടി; രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി

കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് എസ്ഐടി. ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണത്തിൽ പ്രത്യേകം എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇരു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ്. ഒൻപത് ദേവസ്വം ജീവനക്കാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തിരിക്കുന്നത്. കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആർ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി സംഘം ഇന്നലെ ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. നാളെ മുതല്‍ എസ്‌ഐടി സംഘം അന്വേഷണം ആരംഭിക്കും. സ്മാര്‍ട്ട് ക്രീയേഷന്‍സ് ഉള്‍പ്പടെ കേസില്‍ പ്രതികളായതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 ഓഗസ്റ്റിൽ കവർന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്ഐടി സംഘം വിശദമായ അന്വേഷണം നടത്തുക.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലും പൂശിയ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് സ്വര്‍ണം പൂശിയ പാളികള്‍ തന്നെയാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികള്‍ എന്നാണെന്നും കോടതി കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ക്രമക്കേടാണെന്നും കോടതി വിലയിരുത്തി. 1998-ലെ രേഖകള്‍ അനുസരിച്ച് 30.291 കിലോഗ്രാം സ്വര്‍ണം കട്ടിളപ്പാളികളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് 2019 മാര്‍ച്ച് 20-ലെ ഉത്തരവില്‍ ചെമ്പ് പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചുവെന്നും രേഖകള്‍ അനുസരിച്ച് പരസ്പര വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു,

Content Highlight; Sabarimala Gold Theft: Two FIRs Filed; Unnikrishnan Potti Named First Respondent

To advertise here,contact us