പേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിലിനെതിരെ കേസെടുത്ത് പൊലീസ്

സിപിഐഎം നേതാക്കള്‍ക്കെതിരെയും കേസെടുത്തു, സംഘർഷത്തിൽ രണ്ട് എഫ്ഐആറുകൾ

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- സിപിഐഎം സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സംഘർഷത്തിൽ സിപിഐഎം നേതാക്കളായ കെ സുനിൽ, കെ കെ രാജൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ പൊലീസുമായുണ്ടായ സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും സുഖം പ്രാപിച്ച് വരികയാണെന്നും കോൺ‌​ഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കയാണ് കോണ്‍ഗ്രസ്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ആഹ്വാനം ചെയ്തത്. ഇന്ന് മുതൽ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം ഈ രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

എന്നാൽ പേരാമ്പ്രയിൽ ഇന്നലെ പൊലീസ് ലാത്തിചാർജ് ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ വി കെ പ്രമോദ് റിപ്പോർട്ടറിനോട് പറഞ്ഞു. ഷാഫി പറമ്പിൽ എം പിയ്ക്ക് പരിക്ക് പറ്റിയെങ്കിൽ അവരുടെ പ്രവർത്തകരുടെ കയ്യോ മറ്റോ അബദ്ധത്തിൽ കൊണ്ടത് കൊണ്ടാകാമെന്നും യഥാർത്ഥത്തിൽ എംപിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംശയമാണെന്നും പ്രമോദ് പറഞ്ഞു.പരിക്കേറ്റില്ലെ തരത്തിൽ ചിലവീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വി കെ പ്രമോദ് വ്യക്തമാക്കി.

ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന് റൂറൽ എസ് പി കെ ഇ ബൈജു റിപ്പോർട്ടറിനോട് വ്യക്തമാക്കി. ലാത്തിച്ചാർജ് നടന്നതായി ഒരു വിഷ്വൽ എങ്കിലും കാണിക്കാൻ ആർക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയർ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.

അതേസമയം പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. ലാത്തിച്ചാർജ് നടത്തിയില്ലെന്ന റൂറൽ എസ് പിയുടെ വാദം തെറ്റാണെന്നും ലാത്തിച്ചാർജിൽ അല്ലാതെ എങ്ങനെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റതെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്നകാര്യം. പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത് പൊലീസ് ആണെന്നും കോൺഗ്രസ് ആരോപിച്ചു.

Content Highlights: Police register case against Shafi Parambil MP in Perambra clash issue

To advertise here,contact us