കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയം: ആലപ്പുഴ KSUൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റിന്റെ കഴിവുകേടെന്ന് ആക്ഷേപം

സംഘടന രൂപീകൃതമായ ആലപ്പുഴയിൽ ഒരിടത്ത് പോലും ജയിക്കാത്തതിൽ അണികള്‍ക്കിടയില്‍ രോഷം പുകയുകയാണ്

ആലപ്പുഴ: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ കെഎസ്‌യുവില്‍ പൊട്ടിത്തെറി. പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ജില്ലാ പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടെന്നാണ് ആക്ഷേപം. സംഘടന രൂപീകൃതമായ ആലപ്പുഴയിൽ ഒരിടത്ത് പോലും ജയിക്കാത്തതിൽ അണികള്‍ക്കിടയില്‍ രോഷം പുകയുകയാണ്.

ജില്ലയില്‍ ആകെ രണ്ടിടത്താണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. കരുത്തുള്ളിടത്ത് പോലും മത്സരിച്ചിരുന്നില്ല. നാല് വര്‍ഷങ്ങളിലായി കെഎസ്‌യു ഭരിച്ചിരുന്ന എംഎസ്എം കോളേജിലെ യൂണിയന്‍ ഭരണമാണ് ഇത്തവണ എസ്എഫ്‌ഐ തിരികെ പിടിച്ചിരിക്കുന്നത്. കെഎസ്‌യു മത്സരിച്ച മറ്റൊരിടമായ അമ്പലപ്പുഴ ഗവ. കോളേജില്‍ എസ്എഫ്‌ഐ വിജയിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

കേരളാ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ പോലും ഭരണമുറപ്പിക്കാന്‍ കെഎസ്‌യുവിന് കഴിഞ്ഞിരുന്നില്ല. ജില്ലയിലെ 19 കോളേജുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും കെഎസ്‌യു- എംഎസ്എഫ് മുന്നണി വിജയിച്ച കായംകുളം എംഎസ്എം കോളേജ്, രണ്ടുവര്‍ഷം കെഎസ്‌യു വിജയിച്ച അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളിലെ യൂണിയനുകളും എസ്എഫ്‌ഐ പിടിച്ചെടുത്തു. ഇതാണ് കെഎസ്‌യുവിലെ ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

Content Highlight; Kerala University Union Elections: KSU Fails to Secure a Single College in Alappuzha

To advertise here,contact us