'ഷാഫി പറമ്പിൽ കാണിക്കുന്നത് ഗിമ്മിക്ക്, യഥാർത്ഥ വിഷ്വൽ പുറത്ത് വരട്ടെ'; എസ് കെ സജീഷ്

ആക്രമണത്തിൻ്റെ യഥാർത്ഥ വിഷ്വൽ പുറത്ത് വരട്ടെയെന്നും എസ് കെ സജീഷ് പറഞ്ഞു

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ഷാഫി പറമ്പിൽ കാണിക്കുന്നത് ഗിമ്മിക്കാണെന്നും ഷാഫി പറമ്പിൽ പേരാമ്പ്രയിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ സജീഷ് പറഞ്ഞു.

ആൾക്കൂട്ടത്തെ ആക്രമകാരികളായി മാറ്റാൻ ഏതൊരു നേതാവിനും കഴിയുമെന്നും എന്നാൽ ആൾക്കൂട്ടത്തെ അടക്കി നിർത്താനാണ് കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൻ്റെ യഥാർത്ഥ വിഷ്വൽ പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലാത്തി ചാർജുകൾ നടക്കുന്നത് പലരും കണ്ടതാണെന്നും ഇങ്ങനെയാണോ ലാത്തിച്ചാർജ് നടത്തുന്നതെന്നും സജീഷ് ചോദിച്ചു. പഞ്ചായത്ത് പ്രസിഡൻിനെ ആക്രമിച്ചാൽ സിപിഐഎം തിരിച്ച് ആക്രമിക്കുമെന്നാണ് ഷാഫി കരുതിയതെന്നും എന്നാൽ സിപിഐഎം സമാധാന പരമായാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിന് തിരിച്ചടിയാണ്.ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.

ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എം പിയ്ക്ക് മർദ്ദനമേറ്റത്. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്.

Content Highlight : DYFI leader SK Sajeesh criticizes MP's injury in Shafi Parampil

To advertise here,contact us