കൊച്ചി: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. യുഡിഎഫ് പ്രകടനത്തിനിടെ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇത് പ്രതിഷേധം അടിച്ചമര്‍ത്താനുളള ശ്രമമല്ല, ശബരിമലയിലെ സ്വര്‍ണക്കൊളള മറയ്ക്കാനുളള സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്നും ഉമാ തോമസ് പറഞ്ഞു. ഈ ചോരയ്ക്ക് പകരം ചോദിക്കുക തന്നെ ചെയ്യുമെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'40 വർഷത്തിന് ശേഷം പേരാമ്പ്ര CKG കോളേജിൽ KSU-MSF ചുണക്കുട്ടികളുടെ ജനാധിപത്യ വിജയത്തെ തുടർന്ന് വിറളി പിടിച്ച CPM - SFI അഴിച്ചുവിട്ട സംഘർഷം ഇപ്പോൾ ആക്രമണത്തിൽ കലാശിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നടന്ന UDF പ്രകടനത്തിൽ ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, മുൻ കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചിരിക്കുകയാണ്. ഇത് പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമമല്ല ശബരിമലയിലെ സ്വർണ്ണ കൊള്ള മറയ്ക്കാനുള്ള സർക്കാരിന്റെ നിഗൂഢനീക്കങ്ങളുടെ ഭാഗമാണിത്. ഈ ചോരയ്ക്ക് നമ്മൾ പകരം ചോദിക്കുക തന്നെ ചെയ്യും': ഉമാ തോമസ് പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെയാണ് പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ ലാത്തി ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. പേരാമ്പ്രയിൽ വൈകിട്ട് അഞ്ച് മണിയോടെ എൽഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറ് മണിയോടെ ആരംഭിച്ചു. രണ്ട് വിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.
'ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും'എന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.
Content Highlights: Uma Thomas on Perambra Congress-Police clash and Shafi parambil injury