'സിനിമാ നടൻമാരുടെ വീട്ടിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ, അയ്യപ്പൻ മൂത്ത സഹോദരൻ'; സുരേഷ് ഗോപി

ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് ഗോപി

പാലക്കാട്: ഭൂട്ടാൻ വാഹനക്കടത്തിൽ നടന്മാരായ പൃഥ്വിരാജിന്‍റെയും ദുൽഖർ സൽമാന്‍റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മലമ്പുഴയിൽ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രജാ വിവാദവും സ്വർണ്ണ ചർച്ച മുക്കാൻ വേണ്ടിയാണ്. എല്ലാം കുൽസിതമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്നും ശബരിമലയിൽ നടന്നതിനു വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടിവരുമെന്നും സുരേഷ്ഗോപി പറഞ്ഞു. ചെമ്പ് സ്വർണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കാൻ പോകുന്നതന്നും സുരേഷ് ഗോപി പരിഹസിച്ചു.

അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. തന്‍റെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Suresh Gopi reacts against ED raid on Actor Dulquer Salmaan and Prithviraj

To advertise here,contact us