പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ എസ്എഫ്ഐയെയും ജമാഅത്തെ ഇസ്ലാമിയെയും വിമർശിച്ച് എംഎസ്എഫ്. ക്യാംപസുകളിലെ ജമാഅത്തെ ഇസ്ലാമി - എസ്എഫ്ഐ കൂട്ടുകെട്ടിനെ വിമർശിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫാണ് രംഗത്തുവന്നത്. 'മൗദൂദി എസ്എഫ്ഐ' എന്നാണ് ഫേസ്ബുക്കിലൂടെയുള്ള നജാഫിന്റെ ആക്ഷേപം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് എസ്എഫ്ഐയെ പിന്തുണച്ചിരുന്നു.
മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ ആദ്യഘട്ട റിസൾട്ട് വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ എംഎസ്എഫിനെ തോൽപ്പിക്കാൻ എസ്എഫ്ഐ വോട്ട് വാങ്ങിയത് മൗലാന മൗദൂദിയുടെ ജമാഅതെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയിൽ നിന്നാണ്. പ്രത്യുപകാരമായി 3 സീറ്റ് മാത്രമുള്ള ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി 36 സീറ്റുള്ള എംഎസ്എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി ജനറൽ ക്യാപ്റ്റനാക്കി മാറ്റിയിരിക്കുകയാണ് എസ്എഫ്ഐ എന്നും നജാഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ട് ചെയ്ത ഫ്രറ്റേണിറ്റി വിദ്യാർത്ഥികൾ തന്നെ നിങ്ങളുടെ രാഷ്ട്രീയ ധാരണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഏറ്റവും കൗതുകം എസ്എഫ്ഐയുടെ മുൻ സെക്രട്ടറിയായ പിഎം ആർഷോ ആണ് ഈ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരൻ എന്നതാണ്. ഇത്തരത്തിൽ എസ്എഫ്ഐ കേരളത്തിലെ നിരവധിയിടങ്ങളിൽ വിവിധ സംഘടനകളുമായി അടവ് നയം സ്വീകരിച്ച് മുന്നോട്ട് പോകുന്നത് നമുക്ക് കാണാമെന്നും നജാഫ് പറയുന്നുണ്ട്.
ഇത്രയും പച്ചയായ കപടന്മാരെ കേരളം വേറെ കണ്ടിട്ടുണ്ടോ? തരാതരം വർഗീയ കാർഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന പുതിയ എസ്എഫ്ഐയുടെ തരാതര നിലപാടിൽ മുമ്പ് ക്യാമ്പസ് ഫ്രണ്ടിന് വരെ യുയുസി മാരെ ഉണ്ടാക്കിക്കൊടുത്തവരാണ് എസ്എഫ്ഐ. കപട സദാചാരം പറഞ്ഞ് ഇനിയും കേരളത്തിലെ വിദ്യാർത്ഥികളുടെ മുന്നിലേക്ക് വരരുത് കപട സദാചാര വാദികളെ, നിങ്ങളെ ഇവിടുത്തെ ജെൻ-സി പിള്ളേർ വരെ ആട്ടിയിറക്കുകയാണെന്നും നജാഫ് ഫേസ്ബുക്കിൽ കുറിച്ചു.
കോളേജിലെ എസ്എഫ്ഐ വിജയത്തിൽ കെഎസ്യുവിനെതിരെയും എംഎസ്എഫ് മുദ്രാവാക്യം വിളിച്ചിരുന്നു. കെഎസ്യു മുന്നണി മര്യാദ പാലിച്ചില്ലെന്നും അവസാന നിമിഷം എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചെന്നുമായിരുന്നു എംഎസ്എഫ് നേതാവ് സഫ്വാൻ ആനുമൂളിയുടെ വിമർശനം.
പത്തുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്. ചെയർമാൻ, വൈസ് ചെയർമാൻ, ജോയിൻ സെക്രട്ടറി, മാഗസിൻ എഡിറ്റർ, യുയുസി തുടങ്ങിയ പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ വിജയിച്ചു. ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, യുയുസി എന്നീ മൂന്ന് സീറ്റുകളിൽ മാത്രമാണ് എംഎസ്എഫിന് വിജയിക്കാനായത്.
Content Highlights: MSF criticize SFI- jamaat e islami realation on college election