'CPIMന് വേണ്ടി ലാത്തിയെടുത്ത പൊലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എകെജി സെന്ററിൽ നിന്നല്ലെന്ന് ഓർക്കണം'

'സ്വര്‍ണക്കവര്‍ച്ചയും സ്വര്‍ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുത്'

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ചത് സിപിഐഎം ക്രിമിനലുകളും സിപിഐഎമ്മിനു വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേര്‍ന്നെന്ന് വി ഡി സതീശന്‍. നിരവധി യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

'സ്വര്‍ണക്കവര്‍ച്ചയും സ്വര്‍ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുത്. സിപിഐഎമ്മിന് വേണ്ടി ലാത്തി എടുത്ത പൊലീസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്നത് ഓര്‍ക്കണം.' വി ഡി സതീശന്‍ പറഞ്ഞു. ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വര്‍ൺ കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് മറക്കരുതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരനും രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുടെ ശരീരത്തില്‍ നിന്ന് പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരം ചോദിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. എകെജി സെന്ററില്‍ നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പൊലീസുകാര്‍ നേരെ ചൊവ്വേ പെന്‍ഷന്‍ പറ്റി വീട്ടില്‍ പോകില്ലെന്നും കെ കെ ശൈലജയെ തോല്‍പ്പിച്ചതിന്റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യ രീതിയില്‍ തീര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

'കാേണ്‍ഗ്രസിന്റെ രാഷ്ട്രീയത്തോട് രാഷ്ട്രീയം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പൊലീസിനെ ഉപയോഗിച്ച് സിപിഐഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കുക. ശബരിമലയില്‍ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പൊലീസിനെ ഉപയോഗിച്ച് അക്രമം നടത്തി സിപിഐഎം പറഞ്ഞുവെക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം അന്നും ഇന്നും എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ട. കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തെ ഞങ്ങള്‍ തുടച്ചുനീക്കും. ഏറാന്‍ മൂളികളായി നിന്ന് അക്രമം അഴിച്ചുവിടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അര്‍ഹമായ ശിക്ഷ ഈ പ്രസ്ഥാനം നല്‍കിയിരിക്കും', സുധാകരൻ പറഞ്ഞു.

ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഷാഫി പ്രതികരിച്ചത്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി തങ്ങള്‍ നല്‍കുന്നതായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു.

Content Highlight; Congress-Police Clash in Perambra, Kozhikode; VD Satheesan and K Sudhakaran Reacts

To advertise here,contact us