'പൊലീസ് പേരാമ്പ്രയിൽ നടത്തിയത് ഏകപക്ഷീയ നടപടി; ഭരണപക്ഷത്തെ സഹായിക്കാൻ പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു'

'കോളേജ് തെരഞ്ഞെടുപ്പില്‍ 40 വര്‍ഷത്തിന് ശേഷം കെഎസ്‌യു- എംഎസ്എഫ് ജയിച്ചു എന്നത് മാത്രമാണ് ആകെ ചെയ്ത കുറ്റം'

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- പൊലീസ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എംപി. പൊലീസും സിപിഐഎം പ്രവര്‍ത്തകരും ഒന്നിച്ച് നിന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് എം കെ രാഘവൻ പറഞ്ഞു.

'സികെഎം കോളേജിലെ തെരഞ്ഞെടുപ്പില്‍ ഇത്തവണ കെഎസ്‌യു- എംഎസ്എഫ് വലിയ വിജയം നേടി. ആ വിജയം ആഘോഷിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. പ്രതിഷേധം നടത്തിയവരെ ഇന്ന് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.' എം കെ രാഘവന്‍ വ്യക്തമാക്കി.

'ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായത്. കോളേജ് തെരഞ്ഞെടുപ്പില്‍ 40 വര്‍ഷത്തിന് ശേഷം കെഎസ്‌യു- എംഎസ്എഫ് ജയിച്ചു എന്നത് മാത്രമാണ് ആകെ ചെയ്ത കുറ്റം. ആ വിജയം നടന്നതുകൊണ്ട് പേരാമ്പ്രയില്‍ ഇന്നലെയും ഇന്നും അഴിഞ്ഞാട്ടമായിരുന്നു. നിയമവാഴ്ച്ച എന്നൊന്നില്ല, തേര്‍വാഴ്ച്ചയാണ് ഇവിടെ.' എം കെ രാഘവന്‍ പറഞ്ഞു.

'എല്ലാ കാലത്തും സിപിഐഎം ഉപയോഗിക്കുന്ന ഭാഷയാണ് പങ്കില്ല എന്നത്. പൊലീസ് പേരാമ്പ്രയില്‍ നടത്തിയത് ഏകപക്ഷീയ നടപടിയാണ്. ഭരണപക്ഷത്തെ സഹായിക്കാന്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണ് അവര്‍ ചെയ്തത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടക്കം 7 കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റിരുന്നു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

'ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും': ഷാഫി പറമ്പില്‍ പറഞ്ഞു.

Content Highlight; Congress- police clash in Perambra, Kozhikode; M K Raghavan MP reacts

To advertise here,contact us