ശബരിമല സ്വര്‍ണത്തിരിമറി; മൊഴി നല്‍കാന്‍ ഹാജരാകാതെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ, ആരോഗ്യപ്രശ്‌നമെന്ന് അറിയിച്ചു

തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളിയുടെ തൂക്കകുറവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിനായി സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ ഹാജരായില്ല. ഇന്നലെ ഹാജരാകാനായിരുന്നു പങ്കജ് ഭണ്ഡാരിക്ക് ദേവസ്വം വിജിലന്‍സ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ സാധിക്കില്ലെന്നാണ് പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നാളെ ഹൈക്കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നതിനാല്‍ ഇനി ഇദ്ദേഹത്തെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘം എത്തിയെന്നാണ് വിവരം. 2019 ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചായിരുന്നു സ്വര്‍ണം പൂശിയത്.

അതേസമയം ശബരിമലയിലെ ദ്വാരപാലക വിഗ്രഹവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമകള്‍ തയ്യാറായില്ല. അഭിഭാഷകര്‍ മുഖേന മാത്രമേ മറുപടി നല്‍കുമെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് വൈസ് പ്രസിഡണ്ട് മുരളി പറഞ്ഞിരുന്നു. 2019ല്‍ എത്തിച്ചത് ചെമ്പു പാളികളാണെന്ന് പറയുമ്പോഴും കാലപ്പഴക്കത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്നാണ് പ്രതികരണം. അതേസമയം 2019ല്‍ പ്ലേറ്റ് ചെയ്ത അതേ പാളികളില്‍ 2024ല്‍ വീണ്ടും ചെയ്തപ്പോള്‍ കോപ്പര്‍ കവേര്‍ഡ് എന്ന് രേഖപ്പെടുത്തിയതിലെ ദുരൂഹത നീക്കാനും തയ്യാറായിട്ടില്ല.

Content Highlights: sabarimala Gold smuggling Case Smart Creations owner fails to appear to give statement

To advertise here,contact us