'മുണ്ടക്കൈ-ചൂരൽമല വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാർ, കേന്ദ്രത്തിന് ഒരു റോളുമില്ല'; രാജീവ് ചന്ദ്രശേഖർ

വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പ്രതിരോധിച്ച് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടതെന്നും കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടറിനോട് പറഞ്ഞു.

ബാങ്കിന്റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല. ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്‌സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്തത് കേരളത്തിലും മാതൃകയാക്കണം. വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. സംസ്ഥാന സർക്കാരാണ് അത് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.

കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു. വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയ്യാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണ്. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു.

വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളിൽ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും നിർദ്ദേശം നൽകാൻ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു.

Content Highlights: BJP state leadership welcomes central government's stance that loans of Mundakkai - Chooralmala disaster victims will not be waived

To advertise here,contact us