കൊലക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് സിപിഐഎം-ബിജെപി ധാരണയില്‍; കോണ്‍ഗ്രസ്

കോടതിയില്‍ കേസ് തള്ളിപ്പോകാനുള്ള എല്ലാ പഴുതുകളും നേരത്തെ ഒരുക്കിവെച്ചാണ് ഇത്തരം 'അഡ്ജസ്റ്റ്‌മെന്റുകള്‍' നേതൃതലങ്ങളില്‍ നടക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎമ്മും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കൊലപാതക, വധശ്രമ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇരുപാര്‍ട്ടികളുടെയും നേതൃതലത്തിലെ ഒത്തുകളിയുടെ ഭാഗമായാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. 'ഒത്തുകളി'യ്ക്ക് സമീപകാല കേസുകള്‍ നിരത്തിയാണ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപണമുന്നയിച്ചത്. ഏറ്റവുമൊടുവില്‍ നടന്ന മാഹി ഇരട്ടകൊലപാതക കേസില്‍ സിപിഐഎം പ്രവര്‍ത്തകരെ വെറുതെവിട്ടതും നേതൃതലത്തിലെ ഈ ധാരണയുടെ ഭാഗമാമെന്ന് സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പ്രധാന കേസുകളില്‍ സാക്ഷികളാക്കപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മൊഴികള്‍ തന്നെയാണ് പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ ദുര്‍ബലമാക്കുന്നത്. യഥാര്‍ത്ഥ കൊലയാളികളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നതിനനുസരിച്ച് പ്രതിപട്ടിക തയ്യാറാക്കുന്ന രീതിയും കണ്ണൂരില്‍ നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ കേസ് തള്ളിപ്പോകാനുള്ള എല്ലാ പഴുതുകളും നേരത്തെ ഒരുക്കിവെച്ചാണ് ഇത്തരം 'അഡ്ജസ്റ്റ്‌മെന്റുകള്‍' നേതൃതലങ്ങളില്‍ നടക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

To advertise here,contact us