കോട്ടയം: ഏറ്റുമാനൂര് തെളളകത്തെ മധ്യവയസ്കയുടേത് കൊലപാതകം എന്ന് കണ്ടെത്തല്. ഭർത്താവ് ജോസ് (63) ആണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് തെളളകം സ്വദേശി ലീന ജോസിനെ മരിച്ച നിലയില് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട വാക്കത്തി, കറിക്കത്തി, ബ്ലേഡ് എന്നിവ കണ്ടെത്തിയിരുന്നു.
വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ലീനയുടെ മകൻ പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ നടപടികൾക്കായി മാറ്റിയിരുന്നു. സംഭവ സമയത്ത് ഭർത്താവ് ജോസും ഇളയമകനും വീട്ടിലുണ്ടായിരുന്നു.
Content Highlights: Death of middle-aged woman in Ettumanoor a murder: Husband suspected of committing the murder