കോഴിക്കോട്: കൊടുവളളി പൊലീസ് സ്റ്റേഷന് മുന് ഇന്സ്പെക്ടര് കെ പി അഭിലാഷിനെ സര്വീസില് നിന്ന് സസ്പെന്ഡ് ചെയ്തു. യൂത്ത് ലീഗ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കൊപ്പം പൊലീസ് സ്റ്റേഷനില് ജന്മദിന കേക്ക് മുറിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സര്വീസില് നിന്ന് സസ്പെന്ഡ് ചെയ്ത് അന്വേഷണം നടത്താനാണ് എഡിജിപി ഉത്തരവിട്ടത്. കുറ്റവാളികളുമായുളള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആര് വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉള്പ്പെടെയുളള വ്യക്തമായ തെളിവുകള് ഉള്ക്കൊളളുന്ന റിപ്പോര്ട്ട് അഡീഷണല് ഡയറക്ടര് ജനറല് (ഇന്റലിജന്സ്) നേരത്തെ സമര്പ്പിച്ചിരുന്നു.
ഈ വർഷം ജൂണിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കോൺഗ്രസ് കൊടുവളളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി സി ഫിജാസിന്റെയും നേതൃത്വത്തിലാണ് പ്രവർത്തകർ കെ പി അഭിലാഷിന്റെ പിറന്നാൾ ആഘോഷിക്കാനായി സ്റ്റേഷനിലേക്ക് എത്തിയത്. 'ഹാപ്പി ബർത്ത്ഡേ ബോസ്' എന്ന തലക്കെട്ടോടെ ഫിജാസ് പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി.
അതിനുപിന്നാലെ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം കെ പി അഭിലാഷ് പിറന്നാളാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എംഎസ്എഫ്-യൂത്ത് ലീഗ് നേതാക്കൾക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. അഭിലാഷിന്റെ ഓഫീസിനകത്തുവെച്ചായിരുന്നു ആഘോഷം. സംഭവത്തിൽ ഇൻസ്പെക്ടർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
Content Highlights: Birthday celebration at police station: Former inspector KP Abhilash suspended from service