പോറ്റിക്കായി മുരാരി ബാബുവിന്റെ ഇടപെടല്‍; ദേവസ്വം ഇടപെട്ട് തടഞ്ഞു; നിര്‍ണായക കത്ത് റിപ്പോര്‍ട്ടറിന്

2019 ല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ആയിരിക്കെ മുരാരി ബാബു തന്നെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണപാളി കൊടുത്തുവിടാമെന്ന് എഴുതിയത്

പത്തനംതിട്ട: ശബരിമല ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളിയിലെ തൂക്കകുറവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. 2025ല്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. 2024 ഒക്ടോബറില്‍ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെഴുതിയ കത്താണ് പുറത്തുവന്നത്. ഇതേമാസം ഉണ്ണികൃഷ്ണന്‍ പോറ്റി എഴുതിയ കത്തിനുള്ള മറുപടിയാണിത്.

മൂന്നോ നാലോ ആഴ്ചയെടുത്ത് യാതൊരു ചെലവും ഇല്ലാതെ ദ്വാരപാലക ശില്‍പത്തിന്റെ നവീകരണം നടത്താമെന്നും താങ്കള്‍ നിര്‍ദേശിച്ചതുപോലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ഇത് കൊടുത്തുവിടാമെന്നുമാണ് സ്മാര്‍ട് ക്രിയേഷന്‍സ് അറിയിക്കുന്നത്. ഈ കത്ത് തിരുവാഭരണകമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം ബോര്‍ഡ് നേരിട്ട് ഇടപെട്ട് തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. തിരുവാഭരണം കമ്മീഷണറായ റിജി ലാല്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ 2025 ല്‍ വീണ്ടും നവീകരണത്തിനായി പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടുമായിരുന്നു.

2019 ല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ആയിരിക്കെ മുരാരി ബാബു തന്നെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണപാളി കൊടുത്തുവിടാമെന്ന് എഴുതിയത്. നടപടിയില്‍ സസ്‌പെന്‍ഷനിലാണ് മുരാരി ബാബു. 2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ നിന്നും സ്വര്‍ണപ്പാളി അഴിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു നിലവില്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ്.

2019 ല്‍ അഴിച്ചെടുത്ത സ്വര്‍ണപ്പാളി ചെമ്പ് ആണെന്ന് മഹ്‌സറില്‍ എഴുതിയത് മുരാരി ബാബുവായിരുന്നു. എന്നാല്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വര്‍ണത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് എഴുതി നല്‍കിയതെന്നാണ് മുരാരി ബാബു വിശദീകരിച്ചത്.

അതിനിടെ മുരാരി ബാബുവിനെതിരെ കൂടുതല്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായുള്ള ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഉണ്ട്. 2021 ല്‍ ക്ഷേത്രത്തില്‍ തീപിടിച്ചത് മറച്ചുവെച്ചു, ഭക്തരില്‍ നിന്നും രസീത് വാങ്ങാതെ പണം വാങ്ങി എന്നും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു. തുടര്‍ന്ന് 2022 ലല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനൊപ്പം അക്കൗണ്ട് ഓഡിറ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ യാതൊരു അനക്കവും നടത്താതെ ദേവസ്വം ബോര്‍ഡ് അവഗണിക്കുകയായിരുന്നു.

Content Highlights: Smart Creations Letter Revealing Murari Babu Intervene For Unnikrishnan Potty

To advertise here,contact us