അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയെ വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖർ, അയ്യപ്പ ശക്തിയെ പരീക്ഷിക്കരുതെന്ന് വി മുരളീധരൻ

കൊള്ളയിൽ കോൺഗ്രസിന്റെ റെക്കോർഡ് തകർക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊള്ളയിൽ കോൺഗ്രസിന്റെ റെക്കോർഡ് തകർക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

പത്ത് കൊല്ലം മുഖ്യമന്ത്രി ചെയ്തതൊക്കെ പുറത്തുവരും. ഇത്രയുംകാലം ഹിന്ദു വിശ്വാസികളെ സിപിഐഎം ദ്രോഹിക്കുകയായിരുന്നു. ഹിന്ദുവിനോട് വിവേചനമാണ് സർക്കാരിനെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണം. കഴിഞ്ഞ 10 വർഷം ദേവസ്വം ബോർഡിൽ നടന്ന കാര്യങ്ങളെല്ലാം അന്വേഷിക്കണം. അന്വേഷണത്തിന് സംസ്ഥാനം തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസിയെ ബിജെപി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നടന്നത് പകൽക്കൊള്ളയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആരോപിച്ചു. അന്നത്തെ ദേവസ്വം മന്ത്രിക്ക് കൊള്ളയിൽ പങ്കുണ്ടെന്നും ശബരിമലയുടെ പരിശുദ്ധിക്ക് കളങ്കമേറ്റെന്നും വി മുരളീധരൻ പറഞ്ഞു. ആരോപണങ്ങളോട് 'എനിക്കറിയില്ല' എന്നാണ് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിന്റെയും മറുപടി. ഇപ്പോൾ നടക്കുന്നത് ഒളിച്ചുകളിയാണ്. ശബരിമലയെ വിറ്റ് കാശാക്കുകയാണ്. സർക്കാർ ശബരിമല തീർത്ഥാടനത്തെ അവഹേളിച്ചു. അയ്യപ്പന്റെ ശക്തിയെ പരീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയിലേക്ക് വിജയ് മല്യ നൽകിയ സ്വർണം തിരികെ കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. പലരെയും സംരക്ഷിക്കലാണ് ദേവസ്വം വിജിലൻസ് അന്വേഷണത്തിന്റെ ലക്ഷ്യം. മുഖ്യമന്ത്രി ശബരിമല എന്ന വാക്കുപോലും പറയുന്നില്ല. അന്വേഷണത്തിന്റെ പേരുപറഞ്ഞ് ഒളിച്ചുകളിക്കരുത്. കള്ളന്മാർക്ക് കഞ്ഞി വെയ്ക്കുന്ന ദേവസ്വം ബോർഡ് പിരിച്ചുവിടുകയും ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sabarimala Gold controversy; Rajeev Chandrasekhar and V. Muraleedharan reacts against Government

To advertise here,contact us