കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള് പൊതിഞ്ഞിരുന്ന സ്വര്ണപ്പാളി സ്വര്ണം പൂശാനെന്ന പേരില് ഇളക്കിമാറ്റിയതിലും തൂക്കം കുറഞ്ഞതിലും അടിമുടി ദുരൂഹത. സ്വര്ണംപൊതിഞ്ഞ പാളിയില് ചെമ്പ് തെളിഞ്ഞെന്ന തന്ത്രിയുടെ നിര്ദേശത്തെ തുടര്ന്നാണ് 2019 ല് സ്പോണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ പക്കല് കൊടുത്തുവിട്ട് സ്വര്ണം പൂശിയതെന്നാണ് നിലവില് സസ്പെന്ഷനിലായ വിവാദകാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ചെന്നൈയിലെ സ്മാര്ട് ക്രിയേഷനില് എത്തിച്ചായിരുന്നു സ്വര്ണം പൂശിയത്.
എന്നാല് 1998ല് വ്യവസായി വിജയ് മല്യ പൊതിഞ്ഞുനല്കിയ ദ്വാരപാലക ശില്പവും 2019 ല് ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയിലെത്തിച്ച് സ്വര്ണംപൂശി തിരികെയെത്തിയ ദ്വാരപാലകശില്പ്പവും തമ്മില് കാഴ്ചയില് വലിയ വ്യത്യാസമുണ്ട്. വിജയ് മല്യ പൊതിഞ്ഞുനല്കിയ സ്വര്ണപാളികള് അഴിച്ചെടുത്ത് അതേ ആകൃതിയില് ചെമ്പുപാളി നിര്മ്മിച്ച് സ്വര്ണം പൂശിയതാണോയെന്ന സംശയമാണ് ഉയരുന്നത്.
1998 വിജയ് മല്യ സ്വര്ണം പൂശി നല്കിയ ശില്പത്തില് ഒന്നരപതിറ്റാണ്ടിനിപ്പുറവും തിളക്കം മങ്ങിയിട്ടില്ല. സ്വര്ണപ്രഭ മായാതെ അതില് കാണാം. ഒപ്പം ഇതിലെ ചിത്രപ്പണികളൊന്നും തെളിഞ്ഞുകാണുന്നില്ല. സ്വര്ണപാളികള് ഒന്നിനുമേലെ ഒന്നായി പതിച്ചതാണ് സ്വര്ണം പൊതിയുന്നത്. അതുകൊണ്ടുതന്നെയാണ് ചിത്രപ്പണികള് തെളിഞ്ഞു കാണാതാത്തത്.
അതേസമയം 2019 ല് സ്വര്ണംപൂശി തിരികെയെത്തിച്ച ദ്വാരപാലക ശില്പങ്ങളില് കൊത്തുപണികള് തെളിഞ്ഞുകാണാം. ചെമ്പുപാളികള്ക്ക് മുകളില് നേരിയ തോതില് സ്വര്ണം പൂശിയതുകൊണ്ടാണിങ്ങനെ. സ്വര്ണം പൂശിക്കഴിഞ്ഞാല് തിളക്കം ലഭിക്കാന് രാസപ്രക്രിയ നടത്തുകയും ഇതിന് മുകളില് ക്ലിയര്കോട്ട് അടിക്കുകയുമാണ് ചെയ്യുക. അതുകൊണ്ടുതന്നെ ചെറിയ കാലയളവിനുള്ളില് തന്നെ ശില്പത്തിലെ സ്വര്ണം മാഞ്ഞുതുടങ്ങിയിട്ടുണ്ട്.
Content Highlights: Sabarimala Dwarapalaka statue Gold Plate difference in 2023 and 2016