ന്യൂഡല്ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്കെതിരെ അധിക്ഷേപ പരാമര്ശവുമായി ആര്എസ്എസ് സൈദ്ധാന്തികനും ബിജെപി മുന് ഇന്റലക്ച്വല് മേധാവിയുമായ ടി ജി മോഹന്ദാസ്. ഖജുരാഹോ ക്ഷേത്രത്തില് മഹാവിഷ്ണുവിന്റെ വിഗ്രഹം നവീകരിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിട്ടും ഒരു ഹിന്ദുവും പ്രതികരിച്ചില്ലെന്ന് മോഹന്ദാസ് പറഞ്ഞു. 'ബി ആര് ഗവായ് സുപ്രീംകോടതിയില് നിന്ന് ഇറങ്ങി വരുമ്പോള് ഒരാള് മുഖത്ത് തുപ്പുന്നു. കൂടിപ്പോയാല് ആറ് മാസം തടവ് ശിക്ഷ ലഭിക്കുമായിരിക്കും, എന്നിട്ടും എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറായില്ല?. അല്ലെങ്കില് ചീഫ് ജസ്റ്റിസിന്റെ വാഹനം നാല് പേര് ചേര്ന്ന് തടയണം. കൂടിപ്പോയാല് വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനില് പിടിച്ച് നിര്ത്തുമായിരിക്കും. എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറായില്ല.' എന്നായിരുന്നു മോഹന്ദാസിന്റെ പരാമര്ശം.
'ഗവായ്ക്ക് ദൈവം കൊടുത്തു' എന്ന തലക്കെട്ടോടെ പുറത്തുവന്ന വീഡിയോയിലാണ് ടി ജി മോഹന്ദാസ് അധിക്ഷേപ പരാമര്ശം നടത്തിയിരിക്കുന്നത്. താന് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് എന്ന ഗവായ്യുടെ പരാമര്ശത്തിന് ഗവായ് ബഹുമാനിച്ചില്ലെങ്കില് ഹിന്ദുക്കള്ക്ക് ഒരു ചുക്കുമില്ല എന്നായിരുന്നു ടി ജി മോഹന്ദാസിന്റെ പ്രതികരണം. ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന് രാകേഷ് കിഷോര് ഷൂ എറിയാന് ശ്രമിച്ച സംഭവത്തിന് ദിവസങ്ങള്ക്ക് മുന്പേ, സെപ്തംബര് 30നായിരുന്നു പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി ജി മോഹന്ദാസ് അധിക്ഷേപ പരാമര്ശം നടത്തിയത്.
'ഖജുരാഹോ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ കാര്യം വായില് നിന്ന് വീണു പോയതാണെങ്കില് അത് പിന്വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമായിരുന്നു. അല്ലാതെ ചീഫ് ജസ്റ്റിസ് കസേരയിലിരുന്ന് വിടുവായത്തം പറയുകയല്ല വേണ്ടത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് പറഞ്ഞത്, നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട മിസ്റ്റര് ഗവായ്. നിങ്ങള് ആരാണെന്നാണ് സ്വയം വിശ്വസിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയപ്പോഴേക്കും ലോകം ഭരിക്കുന്നത് നിങ്ങളാണെന്ന് തോന്നി തുടങ്ങിയോ.' ടി ജി മോഹന്ദാസ് കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ ദിവസമായിരുന്നു കോടതി മുറിക്കുള്ളില് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമമുണ്ടായത്. അഭിഭാഷകന് രാകേഷ് കിഷോറായിരുന്നു ഇതിന് മുതിർന്നത്. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി രാകേഷ് കിഷോര് ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന് ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര് സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് നേരെ ഷൂ എറിയാന് ശ്രമിച്ചത്. എന്നാല് അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. സംഭവത്തിൽ രാകേഷ് കിഷോറിനെ ബാര് കൗണ്സില് ഓഫ് ഇന്ത്യ സസ്പെന്ഡ് ചെയ്തിരുന്നു. രാകേഷ് കിഷോറിന്റെ പ്രവര്ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്പെന്ഷന് ഉത്തരവില് ഒപ്പിട്ട ബിസിഐ ചെയര്മാന് മനാന് കുമാര് മിശ്ര അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി ബാര് അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്-റെക്കോര്ഡ് അസോസിയേഷനും സംഭവത്തെ അപലപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ചിരുന്നു. ബി ആര് ഗവായിയുമായി താന് സംസാരിച്ചെന്നും രാജ്യത്ത് ഇത്തരം നിന്ദ്യമായ പ്രവൃത്തികള്ക്ക് സ്ഥാനമില്ലെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ പ്രതികരണം. അത്തരം വിദ്വേഷങ്ങള്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അപലപിക്കപ്പെടെണ്ടത് ആണെന്നും രാഹുല് ഗാന്ധി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിനു നേരെയുളള ആക്രമണം നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ച്ചയുടെയും നേരെയുളള ആക്രമണമാണെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയും പറഞ്ഞിരുന്നു. സംഘപരിവാര് നട്ടുവളര്ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില് ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
നേരത്തേ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില് ഗവായ് നടത്തിയ പരാമര്ശം ചര്ച്ചയായിരുന്നു. വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നായിരുന്നു ഗവായിയുടെ പരാമർശം. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദലാല് നല്കിയ പൊതുതാല്പര്യ ഹര്ജി പരിഗണിക്കാന് വിസമ്മതിച്ചായിരുന്നു ഗവായിയുടെ പ്രതികരണം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
Content Highlight; RSS leader T.G. Mohandas makes shocking remark against Chief justice B R Gavai