കാസര്കോട്: കടമ്പാറില് അധ്യാപികയും ഭര്ത്താവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില് കൂടുതല് ദുരൂഹത. സ്കൂട്ടറില് എത്തിയ രണ്ട് സ്ത്രീകള് അധ്യാപികയെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നതോടെയാണ് പൊലീസ് അന്വേഷണം പുതിയ ദിശയിലേക്ക് മാറ്റുന്നത്. കടമ്പാര് സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി അജിത് കുമാര്(35), ഭാര്യ വോര്ക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്കൂള് അധ്യാപിക ശ്വേത(28) എന്നിവരാണ് തിങ്കളാഴ്ച്ച വൈകിട്ട് വിഷം കഴിച്ചത്. ചൊവ്വാഴ്ച പുലര്ച്ചയോടെ ഇരുവരും മരിക്കുകയായിരുന്നു.
ദമ്പതികളുടെ മരണത്തിന് രണ്ട് ദിവസങ്ങള്ക്ക് മുന്പാണ് ശ്വേതയെ സ്കൂട്ടറിലെത്തി രണ്ട് സ്ത്രീകള് കയ്യേറ്റം ചെയ്തത്. ഒരു സ്ത്രീ സ്കൂട്ടറില് തന്നെ ഇരിക്കുകയും മറ്റേയാള് കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കയ്യേറ്റം നടത്തിയവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള് ഊര്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സാമ്പത്തിക ബാധ്യതയാണ് ഇരുവരുടെയും മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും അയല്വാസി അവശനിലയില് കണ്ടെത്തുന്നത്. ശ്വേത വീട്ടുമുറ്റത്തെ പൈപ്പിന് ചുവട്ടിലും അജിത് വീടിനുള്ളിലുമായിരുന്നു. ശ്വേത വിഷം കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കാനായി പൈപ്പിന്ചുവട്ടിലേക്ക് എത്തിയപ്പോളാണ് തളര്ന്ന് വീണിരിക്കുക എന്നാണ് കരുതുന്നത്.
ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഏകമകനെ ബന്ധുവീട്ടിലാക്കിയ ശേഷമാണ് ദമ്പതികള് വീട്ടിലെത്തി വിഷം കഴിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് അജിത് കുമാര്. ഇവര്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള് ഉണ്ടായിരുന്നതായി നാട്ടുകാര് വ്യക്തമാക്കി. ശ്വേതയ്ക്ക് മര്ദനമേറ്റിരുന്നതിന്റെ വിവരങ്ങളും നാട്ടുകാര് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള് ലഭിച്ചത്. ബ്ലേഡുകാരിൽ നിന്ന് ഉള്പ്പെടെ പണം കടം വാങ്ങിയിരുന്നെന്നാണ് നാട്ടുകാര് പറഞ്ഞത്.
Content Highlight; New evidence emerges in Kerala Kadambar teacher–husband suicide case