തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലേർട്ടാണ്. ശനിയാഴ്ച പാലക്കാടും മലപ്പുറത്തുമാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
40 കിലോ മീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ഇന്ന് മുതൽ ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര, ഇടനാട് മേഖലയിലാകും കൂടുതലായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
Content Highlights: heavy rain alert in kerala