വാഹനം ഈടായിവാങ്ങി പണംപലിശയ്ക്ക് നൽകി,തിരുവനന്തപുരത്ത് വീട്ടുവളപ്പിൽ സൂക്ഷിച്ചത് 47 ഇരുചക്ര വാഹനങ്ങൾ,കേസെടുത്തു

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പരിശോധന

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നൽകുന്ന ആൾക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയിൽ അതുൽ ഭവനിൽ അതുൽ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്.

വാഹനം ഈടായിവാങ്ങി പണം നൽകിയശേഷം അമിത പലിശ ഈടാക്കുന്നതായാണ് ഇയാൾക്കെതിരായ പരാതി. ഇത്തരത്തിൽ സ്വന്തമാക്കി വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 47 ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.

വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ രേഖകൾ ഹാജരാക്കാൻ പറഞ്ഞെങ്കിലും വാഹനങ്ങൾ രഹസ്യമായി കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം നടത്തി. ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ പണയമായി വാങ്ങിയശേഷം പണം കടംകൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയത്.

വാഹന ഉടമകൾക്ക് കൊടുത്ത പണത്തിന് അമിത പലിശ വാങ്ങിയിരുന്നതായുള്ള വാഹന ഉടമകളുടെ പരാതിയിൽ അതുൽദേവിനെതിരേ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനങ്ങൾ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടത്തി തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Content Highlights: case against a person who took a vehicle as collateral and gave the money at interest

To advertise here,contact us