ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയ സംഭവം; 17 പേർക്കെതിരെ കേസ്; സന്ദീപ് വാര്യർ ഒന്നാം പ്രതി

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്

പത്തനംതിട്ട: പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സന്ദീപ് വാര്യര്‍ ആണ് കേസില്‍ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയാണ്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

ശബരിമല സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പ്രവര്‍ത്തകനെ നിയന്ത്രിക്കാന്‍ ഇടറോഡില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരെ പൊലീസിന് നിയന്ത്രിക്കാനായില്ല. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്നു.

ബാരിക്കേഡ് മറികടന്നവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തി. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു. തേങ്ങ തീര്‍ന്നതോടെ നിലത്തുകിടന്ന കല്ലുകളും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചിലരെ പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ വാഹനത്തിന് പുറത്തിറക്കുകയായിരുന്നു. ലാത്തികൊണ്ട് പൊലീസ് തന്നെ കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

Content Highlights- Police takes case against 17 over youth congress march to devaswom board office

To advertise here,contact us