സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി; മുരാരി ബാബുവിന് സസ്പെൻഷൻ

ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമായത്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സ്വർണപ്പാളി ചെമ്പാണെന്ന് 2019-ൽ റിപ്പോർട്ട് നൽകിയത് മുരാരി ബാബുവായിരുന്നു.

സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പ്രതികരിച്ചിരുന്നു.

തന്റെ റിപ്പോർട്ട് തിരുവാഭരണ കമ്മീഷണർ പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടന്നത്. അവർ വന്നുപരിശോധിച്ച ശേഷമാണ് 2019-ൽ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ജൂലൈ മാസത്തിലാണ് അത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. 2019 ലെ മഹ്‌സറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് ഇതിന് നിർദേശം നൽകിയിരിക്കുന്നതെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിലുണ്ട്. 2024 ൽ വീണ്ടും സ്വർണപ്പാളി നവീകരിക്കാനായി പാളികൾ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകണമെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോർഡ് തള്ളുകയായിരുന്നു.

Content Highlights: murari babu suspended in sabarimala gold related case

To advertise here,contact us