അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിനെതിരെ ജനരോഷം; ആളെക്കൊല്ലി ആനകളെ തുരത്തുമെന്ന് ഉറപ്പു നൽകണമെന്ന് ആവശ്യം

ഇന്നലെയാണ് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ചത്

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ അട്ടപ്പാടിയില്‍ വൻ പ്രതിഷേധം. നാട്ടുകാർ അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശാന്തകുമാറിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ആളെകൊല്ലി ആനയെ പിടികൂടണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് താവളം - മുള്ളി റോഡിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു.

ആനകളെ തുരത്തുമെന്ന് ഉറപ്പു നൽകാതെ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ റോഡിൽ കിടത്തിയാണ് പ്രതിഷേധം. പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് നാല് പേരാണെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധക്കാർ ചിന്നത്തടാകം - മണ്ണാർക്കാട് റോഡും ഉപരോധിച്ചു.

ഇന്നലെയാണ് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ചത്. പുതൂര്‍ തേക്കുവട്ട മേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്.ബൈക്ക് യാത്രികനായ ശാന്തകുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തകുമാറിനെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്ലാമരത്ത് ഇന്നലെ പുലിയുടെ ആക്രമണമുണ്ടായി. പ്ലാമരം സ്വദേശി തങ്കവേലുവിന്റെ പശുവിനെ പുലി ആക്രമിച്ചുകൊന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവമുണ്ടായത്. പുലിയെ കണ്ടെത്താനായി വനംവകുപ്പ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.

Content Highlight : Massive protest over wild elephant attack in Attappadi

To advertise here,contact us