ഹരിപ്പാട്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽക്കയറിയ ശേഷം യുവാവിനെ കൂട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറുതന ഇലഞ്ഞിക്കൽ യദുകൃഷ്ണൻ(27) വീയപൂരം പായിപ്പാട് കടവിൽ മുഹമ്മദ് ഫാറൂക്ക്(27) ചെറുതന തെക്ക് വല്യത്ത് പുത്തൻപുരയിൽ അശ്വിൻ വർഗീസ് എന്നിവരാണ് പിടിയിലായത്.രണ്ടരപ്പവൻ്റെ സ്വർണാഭരണങ്ങളും 15000 രൂപയും പ്രതികൾ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു.
കരുവാറ്റയിലെ ഡ്രൈവിങ് പരിശീലകൻ വിഷ്ണുവിനെ വെള്ളിയാഴ്ചയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. യദുകൃഷ്ണൻ കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ജോലികഴിഞ്ഞ് ബൈക്കിൽ മടങ്ങിയ വിഷ്ണുവിനെ ഡാണാപ്പടി ഭാഗത്തുവെച്ച് യദുകൃഷ്ണൻ കൈകാണിക്കുകയായിരുന്നു. അടുത്ത ജങ്ഷനിലിറക്കാമോയെന്നു ചോദിച്ച് ബൈക്കിൽക്കയറി. പിന്നീട് വീട്ടിലേക്കു വീടാമോയെന്നു ചോദിച്ചു. യദുകൃഷ്ണനെ കണ്ടുപരിചയമുള്ളതിനാൽ വിഷ്ണു കരുവാറ്റ മങ്കുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു.തുടർന്ന് വീട്ടിൽക്കയറാൻ നിർബന്ധിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് മറ്റുപ്രതികളും കൂട്ടിച്ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മെബൈൽഫോണും ബൈക്കിൻ്റെ താക്കോലും ആദ്യം തന്നെ വാങ്ങി വെച്ചു. പിന്നാലെ രണ്ടുപവൻ്റെ സ്വർണമാലയും അരപ്പവൻ്റെ കൈച്ചെയിനും പൊട്ടിച്ചെടുത്തു. ഗൂഗിൾ പേയിലൂടെ 15000 രൂപയും വാങ്ങിയെന്നും വിഷ്ണു പറഞ്ഞു.
രാത്രി പ്രതികൾ തമ്മിൽ തർക്കമുണ്ടായിയെന്നും ഇതിനിടെ പ്രതികളിലൊരാളായ അശ്വൻ വർഗീസ് ഓടിപ്പോയി. ഇയാളെ പിടികൂടാൻ കൂട്ടുപ്രതികൾ പുറത്തേക്കു പോയപ്പോഴാണ് താൻ രക്ഷപ്പെട്ടതെന്ന് വിഷ്ണു പറഞ്ഞു. വിഷ്ണു വണ്ടാനം മെഡിക്കൽ കോളേജില് ചികിത്സയിലാണ്. പ്രതികളിലൊരാളുടെ കരുവാറ്റയിലെ വീട്ടിൽ തന്നെ ആക്രമിക്കുമ്പോൾ മറ്റു രണ്ട് ചെറുപ്പക്കാരെ നഗ്നരാക്കി മുറിപൂട്ടിയിട്ടിരുന്നതായി വിഷ്ണു പൊലീസിനോട് പറഞ്ഞു. ഇവരെയും തന്നെപ്പോലെ അവിടെയെത്തിച്ചതാകാമെന്നാണ് വിഷ്ണു പറയുന്നത്.
Content Highlight : He asked for a lift and got on a bike; locked the young man in his house and robbed him of gold and money, the accused was arrested