കൊച്ചി: ശബരിമല സ്വര്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. 2019 ഡിസംബറില് സ്പോണ്സർ ഉണ്ണികൃഷ്ണന് പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയില് സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്ണപ്പണികള് പൂര്ത്തിയാക്കിയശേഷവും ബാക്കി വന്ന സ്വർണം തന്റെ പക്കൽ ഉണ്ടെന്നും അധിക സ്വര്ണം ഒരു പെണ്കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന് ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ മെയില് അയച്ചത്. 2019 ഡിസംബറിലാണ് മെയില് അയച്ചിരിക്കുന്നത്.
2019 ഡിസംബര് 9 നും 17 നുമായാണ് ഇ മെയില് സന്ദേശങ്ങള് ഉണ്ണികൃഷ്ണന് പോറ്റി മെയില് അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്സിന്റേതാണ് കണ്ടെത്തല്.
'ഞാന് ഉണ്ണികൃഷ്ണന് പോറ്റി. ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്ണപ്പണികള് പൂര്ത്തിയാക്കിയശേഷവും എന്റെ പക്കല് കുറച്ച് സ്വര്ണം അവശേഷിക്കുന്നുണ്ട്. തിരുവിതാംകൂര് ദേവസ്വം ബോര്ഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെണ്കുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാന് ഞാന് ആഗ്രഹിക്കുന്നു. ഇതില് താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണം' എന്നാണ് 2019 ഡിസംബര് 9 ന് അയച്ച ഇമെയിലില് ഉണ്ണികൃഷ്ണന് പോറ്റി ആവശ്യപ്പെടുന്നത്.
സഹായിയുടെ ഇ മെയില് നിന്നാണ് ഉണ്ണികൃഷ്ണന്പോറ്റി പ്രസിഡന്റിന് മെയില് അയച്ചിരിക്കുന്നത്. ദേവസ്വം ബോര്ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി പുറത്തുവന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ ആവശ്യത്തില് എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടത് എന്ന തരത്തിലാണ് കത്ത്. എന്നാല് ഇതില് തുടര്നടപടികള് ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണന്റെ കൈയ്യില് അവശേഷിക്കുന്നുവെന്ന് എന്ന് പറയുന്ന സ്വര്ണം ബോര്ഡ് തിരിച്ചെടുത്തതായി രേഖകളിലില്ലയെന്നത് ഞെട്ടിച്ചുവെന്നും കോടതി വ്യക്തമാക്കി. ദേവസ്വം വിജിലന്സിന്റെ അന്വേഷണം വെള്ളിയാഴ്ച്ചയ്ക്കകം പൂര്ത്തിയാക്കണമെന്നും അന്വേഷണ റിപ്പോര്ട്ട് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘം തുടര്നടപടികള് സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Content Highlights: Unnikrishnan Potty seeks permission to use excess gold for wedding purposes