സ്വര്‍ണപ്പാളി വിവാദം;'സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളായി,ദേവസ്വം മന്ത്രി രാജിവെക്കണം'

എത്ര കിലോ സ്വർണം കാണാതെ പോയിട്ടുണ്ട്. 40 ദിവസം ഈ സ്വർണം എവിടെയായിരുന്നുവെന്നും വി ഡി സതീശൻ ചോദിച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വളരെ ഗൗരവതരമായ വിഷയമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം കവർന്നെടുത്തുവെന്നും വി ഡി സതീശൻ പറഞ്ഞു.

2019 ൽ നടന്ന സംഭവം 2022ൽ തന്നെ ദേവസ്വം ബോർഡിനും സർക്കാറിനും അറിവുണ്ടായിരുന്നുവെന്നും ഹൈക്കോടതി ഇടപെടലിലൂടെയാണ് വിഷയം പുറത്തുവന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

സർക്കാരും ദേവസ്വം ബോർഡും ക്രിമിനൽ നടപടികൾ സ്വീകരിക്കാതെ മോഷണം മറച്ചുവെച്ചു. സർക്കാരും ദേവസ്വം ബോർഡ് കള്ളക്കച്ചവടത്തിൽ പങ്കാളികളായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.എന്തുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരായി ക്രിമിനൽ നടപടി സ്വീകരിച്ചില്ലയെന്നും സർക്കാരിലെ ചിലരും ഈ കൂട്ടു കച്ചവടത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വർണ്ണം കവർന്നു എന്ന് ബോധ്യമായിട്ടും അതെ സ്പോൺസറെ തന്നെ വീണ്ടും കരാർ ഏൽപ്പിച്ചു. ഇതെല്ലാം കൂട്ടുകച്ചവടമാണ്. എത്ര കിലോ സ്വർണം കാണാതെ പോയിട്ടുണ്ട്. 40 ദിവസം ഈ സ്വർണം എവിടെയായിരുന്നുവെന്നും വി ഡി സതീശൻ ചോദിച്ചു.

സ്വര്‍ണപ്പാളി വിഷയം സിബിഐ അന്വേഷിക്കണമെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ പുറത്താക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. ഈ മൂന്ന് ആവശ്യങ്ങൾ പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സഭയിൽ ഉയർത്തുന്ന വിമർശനങ്ങളെ ഭരണപക്ഷം തള്ളിക്കളയുന്നതിനെയും വിഡി സതീശൻ വിമർശിച്ചു.മന്ത്രിമാരുടെ മറുപടി കേട്ടാൽ ചിരിച്ചു മണ്ണ് തപ്പുമെന്നും. എന്തുകൊണ്ട് നോട്ടീസ് കൊടുത്തില്ല എന്ന് മന്ത്രിമാർ ചോദിക്കുന്നുവെന്നും ഇതേ വിഷയം 19ആം തീയതി തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയിരുന്നുവെന്നും

അന്ന് അത് അവതരിപ്പിക്കാൻ പോലും അനുവദിക്കാതെ തള്ളുകയായിരുന്നു. അതിനാലാണ് സഭയിൽ ഇന്ന് പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി ചോദ്യോത്തരവേള സ്തംഭിപ്പിക്കുന്നു എന്ന് മന്ത്രിമാർ പറയുന്നു. ആറ് തവണ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചോദ്യോത്തരവേള സ്തംഭിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സ്പീക്കർ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ആറു പ്രാവശ്യം തടസ്സപ്പെടുത്തിയവർ ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മര്യാദ വേണമെന്നാണ് വി ശിവൻകുട്ടി പറയുന്നത്.എങ്ങനെ സമരം ചെയ്യണമെന്ന് കാണിച്ചു തരാമെന്ന് അദ്ദേഹം പറയുന്നു. ദയവുചെയ്ത് അത് കാണിച്ചു തരരുതെന്നും അദ്ദേഹം പരിഹസിച്ചു.

Content Highlight : 'The government and the Devaswom Board are partners in illegal trade, the Devaswom Minister should resign'

To advertise here,contact us