തിരുവനന്തപുരം: തുടര്ച്ചയായി അടിയന്തരപ്രമേയം ചര്ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എംബി രാജേഷ്. ആറ് ദിവസത്തിനുള്ളില് നാല് അടിയന്തര പ്രമേയങ്ങളാണ് ചര്ച്ച ചെയ്തതെന്നും 'ചര്ച്ചയില് തോറ്റതില് നടുത്തളത്തില്' എന്നതാണ് പ്രതിപക്ഷ സമീപനമെന്നും എംബി രാജേഷ് പറഞ്ഞു.
'സത്യാഗ്രഹം അനുഷ്ഠിച്ചവര് സഭയില് തിരിച്ചെത്തി. ഒരു നാടകം പൊളിഞ്ഞപ്പോള് മറ്റൊരു നാടകവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തില് പങ്കെടുക്കാന് അവസരം ഒരുക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വിഷയം സബ്മിഷനായി ഉന്നയിക്കാന് പോലും പ്രതിപക്ഷം തയ്യാറായിട്ടില്ല. നോട്ടീസ് നല്കാതെ സര്ക്കാര് സന്നദ്ധമാകില്ലെന്ന് എങ്ങനെ പറയാന് കഴിയും.' എം ബി രാജേഷ് കൂട്ടിച്ചേര്ത്തു.
അതേസമയം സ്വര്ണപ്പാളി വിഷയത്തില് സഭയില് പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു. സഭാ സമ്മേളനം ആരംഭിച്ചതു മുതല് സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര് എ എന് ഷംസീര് ചോദ്യോത്തര വേളയിലേക്ക് കടന്നു. എന്നാല് പ്രതിപക്ഷാംഗങ്ങള് പ്രതിഷേധിച്ചു. ധനമന്ത്രി കെഎന് ബാലഗോപാലിന്റെ പ്രസംഗം തടസപ്പെട്ടതോടെ ഭരണപക്ഷ എംഎല്എമാര് എഴുന്നേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളമായി സഭ മാറുകയായിരുന്നു.
ചോദ്യോത്തരവേള തടസപ്പെടുത്തുന്ന പ്രവണത രാജ്യത്തൊരിടത്തുമില്ലെന്ന് ധനമന്ത്രി പറഞ്ഞു. സ്വര്ണം കാണാതായ സംഭവത്തില് ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു.
ബാനര് താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം. സ്പീക്കറുടെ കാഴ്ച മറച്ച് ' അയ്യപ്പന്റെ സ്വര്ണം കട്ടവര് അമ്പലം വിഴുങ്ങികളെ'ന്ന ബാനര് പ്രതിപക്ഷം ഉയര്ത്തിയിരുന്നു. ബഹളം കൂടിയപ്പോള് ചോദ്യോത്തരവേള സ്പീക്കര് റദ്ദാക്കുകയും സഭ അല്പനേരത്തേക്ക് നിര്ത്തി വയ്ക്കുകയും ചെയ്തു. സഭ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമായി തന്നെ നിലനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സഭയില് സംസാരിക്കുന്നതിനിടയിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.
Content Highlight; Swarnapali Issue Sparks Opposition Protest in Assembly; M.B. Rajesh Replies