ന്യൂഡല്ഹി: സിഎംആര്എല്- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില് കോണ്ഗ്രസ് എംഎല്എ മാത്യു കുഴല് നാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷന്സിനെതിരെ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴല്നാടന്റെ അപ്പീല് ഹര്ജി സുപ്രീം കോടതി തള്ളി. കോടതിയെ രാഷ്ട്രീയതര്ക്കങ്ങള്ക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്ശിച്ചു.
നേരത്തെ വിജിലന്സ് അന്വേഷണം വേണം എന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴല്നാടന് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ഭയന്ന് ഓടില്ലെന്നും രാഷ്ട്രീയ നിയമപോരാട്ടങ്ങള് തുടരുമെന്നും മാത്യു കുഴല്നാടന് എംഎല്എ ഹര്ജി തള്ളിയതിനെ തുടര്ന്ന് പ്രതികരിച്ചു. കരിമണല് കമ്പനിയില് നിന്ന് വീണ പണം വാങ്ങിയെന്നും പണം നല്കിയതിന് രേഖകളുണ്ടെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. എന്നാല് കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങള്ക്ക് നല്കിയ വാക്കാണ്. നീതി എന്നോടൊപ്പം ഉണ്ട്. തിരിച്ചടികള് സിപിഐഎം ആയുധമാക്കാന് സാധ്യതയുണ്ട് എന്നാലും പോരാട്ടം തുടരുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള് പ്രത്യേകിച്ച് ഒരു സേവനവും നല്കാതെ കരിമണല് കമ്പനിയില് നിന്നും പണം വാങ്ങി. വാങ്ങിച്ചിട്ടില്ലെന്ന് അവര് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മകള്ക്ക് പണം നല്കിയതിന് രേഖകളുണ്ട്. കമ്പനി പലര്ക്കും പണം നല്കിയത് അവരുടെ സുഗമമായ നടത്തിപ്പിനാണെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ധര്മ്മവും ഉത്തരവാദിത്വവുമാണ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതെന്നും മാത്യു കുഴല്നാടന് എംഎല്എ പറഞ്ഞു.
Content Highlight; Supreme Court Dismisses Probe in CMRL Deal; Blow to Kuzhalnadan