കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാര്ട്ടേഴ്സില് യുവാവിനെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ സണ്ണി നേരത്തെയും രണ്ട് കൊലപാതകങ്ങള് നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസ് അനുമാനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്വവര്ഗ രതിക്കിടെയാണ് കൊലപാതകമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ മരത്തംകോട് ചൊവ്വന്നൂര് ചെറുവത്തൂര് സണ്ണി(61) സ്വവര്ഗാനുരാഗിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള് ഇത്തരത്തില് പലരെയും ക്വാര്ട്ടേഴ്സില് കൊണ്ടുവരുമായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയും ഇത്തരത്തില് നേരത്തെ ഇവിടെ വന്നിട്ടുണ്ട്. യുവാവിനെ ഫ്രൈയിങ് പാന് ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിന് ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്. പ്രതി സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ്.
അച്ഛന്റെ അമ്മയെയും അതിഥി തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളില് സണ്ണി പ്രതിയായിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006ല് ഇയാള് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത്. 2024 മുതലാണ് ഇയാള് ചൊവ്വന്നൂരിലെ ക്വാര്ട്ടേഴ്സില് താമസം തുടങ്ങിയത്.
ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്.
ചുറ്റും തുണികളിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. രാത്രി ഏഴരയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സണ്ണിയെ പൊലീസ് പിടികൂടിയത്.
Content Highlights: Sunny killed a migrant worker earlier