മാത്യു കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; കോണ്‍ഗ്രസ് ചളിക്കുണ്ടിലാണെന്ന് ഇ പി ജയരാജന്‍

മാത്യൂ കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം ആണെന്ന് എ എ റഹീം എംപിയും പറഞ്ഞിരുന്നു

കൊച്ചി: കോണ്‍ഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. കോണ്‍ഗ്രസ് ചളിക്കുണ്ടിലാണ്. അതിനെ നന്നാക്കാന്‍ നോക്കണം. ജനകീയ കോടതി മാത്യു കുഴല്‍നാടനെ ശിക്ഷിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

'സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും നിലപാട്. ഇതുവരെ പ്രതിപക്ഷം എവിടെയായിരുന്നു? അയ്യപ്പ സംഗമം സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കി. വിവാദങ്ങള്‍ അയ്യപ്പ സംഗമത്തിന് ശേഷമാണ് ഉയര്‍ന്നുവന്നത്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും': ഇ പി ജയരാജന്‍ പറഞ്ഞു.

ഹർജി തളളിയതിന് പിന്നാലെ മാത്യു കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപിയും രംഗത്തെത്തിയിരുന്നു. മാത്യൂ കുഴൽനാടന് 'അറ്റൻഷൻ സീക്കിങ് സിൻഡ്രോം' എന്ന രോഗം തന്നെയാണെന്നും ഇന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നുവെന്നുമാണ് എ എ റഹീം പറഞ്ഞത്. സിഎ ആർഎൽ-എക്‌സാലോജിക് കരാറിൽ വിജിലൻസ് അന്വഷണ ആവശ്യവുമായി ചെന്ന മാത്യുവിന് പരമോന്നത നീതി പീഠം കണക്കിന് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് തളളിയിരുന്നു. കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. നേരത്തെ വിജിലന്‍സ് അന്വേഷണം വേണം എന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഭയന്ന് ഓടില്ലെന്നും രാഷ്ട്രീയ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു. കരിമണല്‍ കമ്പനിയില്‍ നിന്ന് വീണ പണം വാങ്ങിയെന്നും പണം നല്‍കിയതിന് രേഖകളുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. നീതി എന്നോടൊപ്പം ഉണ്ട്. തിരിച്ചടികള്‍ സിപിഐഎം ആയുധമാക്കാന്‍ സാധ്യതയുണ്ട് എന്നാലും പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Content Highlights: EP Jayarajan against Mathew Kuzhalnadan MLA on CMRL Exalogic supreme court verdict

To advertise here,contact us