'അന്ന് ഷൂ നക്കിയവര്‍ ഇന്ന് ഷൂ എറിയുന്നു'; ചീഫ് ജസ്റ്റിസിനെതിരായ ആക്രമണ ശ്രമത്തിനെതിരെ എ എ റഹീം

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണെന്നും റഹീം

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന ആക്രമണ ശ്രമത്തിനെതിരെ രാജ്യസഭാ എംപി എ എ റഹീം. അങ്ങേയറ്റം അപമാനകരമായ സംഭവമാണ് പരമോന്നത നീതിപീഠത്തില്‍ ഇന്ന് സംഭവിച്ചതെന്ന് റഹീം അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

'അന്ന് ഷൂ നക്കിയവര്‍ ഇന്ന് ഷൂ എറിയുന്നു. 'സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നു' എന്നാരോപിച്ചാണ് വക്കീല്‍ വേഷധാരി ഷൂ അദ്ദേഹത്തിന് നേരെ എറിഞ്ഞത്. ഒരു നൂറ്റാണ്ടായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ ചരിത്രമുള്ളവര്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണ്', എ എ റഹീം പറഞ്ഞു.

നീതി പീഠങ്ങളെ ഭയപ്പെടുത്തി നിയമവാഴ്ചയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'യതോ ധര്‍മ്മസ്ഥതോ ജയ:' എന്നാണ് അവരോട് പറയാനുള്ളുവെന്നും എംപി വ്യക്തമാക്കി. കോടതി മുറിക്കുള്ളില്‍ വെച്ചായിരുന്നു ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമമുണ്ടായത്. മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് ധരിച്ചിരുന്ന ഷൂ ചീഫ് ജസ്റ്റിന് നേരെ എറിയാന്‍ ശ്രമിച്ചത്. സുരക്ഷാ ജീവനക്കാര്‍ അതിവേഗം ഇയാളെ തടഞ്ഞതിനാല്‍ ഷൂ നിലത്ത് വീഴുകയായിരുന്നു.

സംഭവത്തില്‍ ഇയാളെ ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. കിഷോറിനെതിരെ കൗണ്‍സില്‍ അച്ചടക്ക നടപടികളും തുടങ്ങിയിട്ടുണ്ട്. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഇയാള്‍ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

Content Highlights: A A Rahim about shoe incident against Supreme Court Chief Justice B R Gavai

To advertise here,contact us